ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

August 23, 2012 കേരളം

കണ്ണൂര്‍: തളിപ്പറമ്പ് അരിയിലെ എംഎസ്എഫ്, ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കെ.വി സുമേഷാണ് കേസിലെ ഒന്നാംപ്രതി. എംഎല്‍എമാരായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ 32 ാം പ്രതിയും ഡിവൈഎഫ്ഐ നേതാവ് ടി.വി. രാജേഷ് 33 ാം പ്രതിയുമാണ്. ഷുക്കൂറിന്റെ വധത്തെക്കുറിച്ച് അറിഞ്ഞിട്ടും തടഞ്ഞില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

ഒന്നാം പ്രതി കെ.വി സുമേഷിന്റെ നേതൃത്വത്തിലാണ് കൊലപാതം നടത്തിയിട്ടുള്ളതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആകെ 33 പ്രതികളുണ്ട്. ഇതുവരെ 30 പേരെയാണ് അറസ്റു ചെയ്തത്. ഇവരെല്ലാം സിപിഎം പ്രദേശിക നേതാക്കളോ പ്രവര്‍ത്തകരോ ആണ്. പട്ടുവത്ത് ലീഗ് -സിപിഎം. സംഘര്‍ഷം നടന്ന മേഖലകളില്‍ സന്ദര്‍ശിക്കാന്‍ പോയ ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായാണ് അബ്ദുള്‍ ഷുക്കൂറിന്റെ കൊലപാതകം എന്നാണ് കേസ്. അതേസമയം, എംഎല്‍എമാരുടെ വാഹനത്തെ ആക്രമിച്ചവരുടെ ചിത്രങ്ങള്‍ മൊബൈലിലൂടെ എംഎംഎസായി അയച്ചെന്നും ഇതുകണ്ടാണ് ആക്രമണം നടത്തിയവരെ തിരിച്ചറഞ്ഞതെന്നുമുള്ള ആരോപണത്തെക്കുറിച്ച് കുറ്റപത്രത്തില്‍ പറയുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം