ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള ഭൂഗര്‍ഭപാത: പഠന റിപ്പോര്‍ട്ട് ഇന്നു കൈമാറും

August 24, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു ഭൂഗര്‍ഭപാതയുണ്ടോയെന്നു പഠിക്കാന്‍ നിയോഗിച്ച സമിതി ഇന്നു പഠന റിപ്പോര്‍ട്ട് കൈമാറും. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് ആണു തുരങ്കങ്ങളെക്കുറിച്ച് പഠിക്കാന്‍ ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തിയത്. സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. ആര്‍. അജയകുമാര്‍ വര്‍മ്മ റിപ്പോര്‍ട്ട് സെസ് ഡയറക്ടര്‍ എന്‍.പി കുര്യന് ഇന്നു കൈമാറും. റിപ്പോര്‍ട്ട് അംഗീകരിച്ചശേഷം സെസ് ഡയറക്ടര്‍ ഡിജിപിക്കു കൈമാറും.

രണ്ടുമാസക്കാലമായി ക്ഷേത്രത്തിന്‍റെ പരിസരത്ത് സെസ് പഠനം നടത്തിവരികയായിരുന്നു. സര്‍ഫസ് റെസ്റിവിറ്റി രീതി ഉപയോഗിച്ചായിരുന്നു പഠനം നടന്നത്. റിപ്പോര്‍ട്ട് സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിടരുതെന്ന് ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന ആരംഭിച്ചപ്പോള്‍ ആദ്യം അനുകൂലമായ പ്രതികരണമാണു ലഭിച്ചത്. തുടര്‍ന്നു വലിയ പ്രതീക്ഷയില്‍ വടക്കേനടയിലെ പടിക്കെട്ട് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പൊളിച്ചു പരിശോധിച്ചു.  ക്ഷേത്രത്തിലേക്കാവശ്യമായ പാല്‍പായസകൂട്ടുകള്‍ തയാറാക്കുന്ന ശ്രീകാര്യക്കാരുടെ മുറിക്കു സമീപവും പരിശോധന നടത്തി.

കിഴക്കേക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്നു ശംഖുംമുഖം കടല്‍ തീരത്തേക്കും കവടിയാര്‍ കൊട്ടാരത്തിലേക്കും തുരങ്കങ്ങളുണ്ടെന്ന പഴമക്കാരുടെ പ്രചരണത്തെ തുടര്‍ന്നാണ് പഠനം നടത്താനുള്ള നടപടികള്‍ ആരംഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം