ദേശീയപാത: സ്ഥലമേറ്റെടുക്കല് ഉടന് തുടങ്ങും

October 19, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത 45 മീറ്ററായി വീതികൂട്ടാന്‍ സ്ഥലമെടുപ്പ് ഉടന്‍ തുടങ്ങും. ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണിവില നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചു. സംസ്ഥാനത്തിന്റെ പുനരധിവാസ പാക്കേജും അംഗീകരിക്കാമെന്ന ഉറപ്പുലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്ഥലമെടുപ്പ് തുടങ്ങാനുള്ള നടപടികള്‍ക്ക് കഴിഞ്ഞ മന്ത്രിസഭായോഗം തുടക്കം കുറിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും പദ്ധതിയില്‍ സ്വീകരിച്ച നഷ്ടപരിഹാര-പുനരധിവാസ പാക്കേജ് ദേശീയപാത വികസനത്തിനും നല്‍കാന്‍ സമ്മതമാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍റ് ഹൈവേ സെക്രട്ടറി ആര്‍.എസ്.ഗുജ്‌റാള്‍ അറിയിച്ചിരിക്കുന്നത്. ഇത് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി എം.വിജയകുമാര്‍ കേന്ദ്രമന്ത്രിയെക്കണ്ട് ചര്‍ച്ചനടത്തിയിരുന്നു. മന്ത്രാലയ അധികൃതര്‍ കേരളത്തിലെത്തി മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. തുടര്‍ന്നാണ് ഈ തീരുമാനത്തില്‍ എത്തിയത്.
ലോകബാങ്ക് സഹായത്തോടെയുള്ള കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന് (കെ.എസ്.ടി.പി) അതിവേഗ സ്ഥലമെടുക്കല്‍ രീതിയില്‍ വിലപേശലിലൂടെയാണ് സ്ഥലം ഏറ്റെടുത്തത് . ദേശീയപാതക്കും ഈ മാതൃക വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നതും. ദേശീയപാതക്ക് തയ്യാറാക്കിയ പാക്കേജ് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. ഇതിനുശേഷം കേന്ദ്രം അന്തിമ അംഗീകാരം നല്‍കും. തുടര്‍ന്ന് സ്ഥലമെടുപ്പ് തുടങ്ങും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സ്ഥലമെടുപ്പ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് ആര്‍.ഡി.ഒ മാരെ ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. കളക്ടര്‍മാരാണ് അപ്പലേറ്റ് അതോറിറ്റി. സ്ഥലവില നിശ്ചയിക്കാന്‍ അതത് സ്ഥലത്തെ എം.എല്‍.എ മാരും പഞ്ചായത്ത് പ്രസിഡന്‍റുമാരും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങിയ സമിതികളുണ്ടാവും.
നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി കൂടുതല്‍ തുക അനുവദിക്കുമ്പോള്‍ പാതകള്‍ക്ക് കൂടുതല്‍ കാലം വര്‍ധിപ്പിച്ച ചുങ്കം ഈടാക്കാന്‍ അനുവദിക്കുകയാണ് ദേശീയപാത അതോറിറ്റി ചെയ്യുക. എന്നാല്‍ ചുങ്കത്തിന്റെ കാര്യത്തില്‍ അതോറിറ്റിയുടെ തീരുമാനം എന്തായാലും സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് നല്ലവില കിട്ടണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം.
റോഡരികില്‍നിന്ന് ഒഴിപ്പിക്കപ്പെടുന്നവരെ തൊട്ടുപിന്നിലുള്ള സ്ഥലം ഏറ്റെടുത്ത് പുനരധിവസിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ക്കും വാടകക്കാരായ വ്യാപാരികള്‍ക്കും വ്യാപാര പങ്കാളികളായ തൊഴിലാളികള്‍ക്കും പാക്കേജില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വസ്തു ഉടമകള്‍ക്ക് മാത്രമല്ല പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് വ്യവസ്ഥയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം