റെയില്‍വേ ട്രാക്കിലെ സ്ഫോടകവസ്തു: അന്വേഷണം കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ നീളുന്നു

August 24, 2012 കേരളം

കൊച്ചി: വെള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ ബോംബ് വെച്ച സംഭവത്തില്‍ അന്വേഷണം കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കു നേരെ നീളുന്നു. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറായ സെന്തിലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ കോയമ്പത്തൂരിലേക്ക് കടന്നതായ വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം ഇവിടേക്ക് തിരിച്ചിട്ടുണ്ടെന്നാണ് സൂചന. ഡിപ്പോയിലെ മറ്റൊരു ഡ്രൈവറോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി ബോംബിനൊപ്പം അയാളുടെ നമ്പര്‍പ്ലേറ്റും വയ്ക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത എടക്കാട്ടുവയല്‍ സ്വദേശിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇയാളും സെന്തിലും സ്വകാര്യ ബസ് ഡ്രൈവര്‍മാരായിരുന്നു. സെന്തിലിന് പകരം ഇയാള്‍ കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ഡ്രൈവറായി കയറിയതിലുളള വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചത്. മുളന്തുരുത്തിയിലെ വര്‍ക്ക്ഷോപ്പില്‍ ഉള്ള ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ പ്ളേറ്റ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടിരുന്നു. പത്തനംതിട്ട രജിസ്ട്രേഷനുള്ള ഈ നമ്പര്‍ പ്ളേറ്റാണ് ബോംബ് വെച്ചിരുന്ന സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയത്. ബോബില്‍ കണ്ടെത്തിയ വയറുകള്‍ പരസ്പരം ഘടിപ്പിക്കാത്ത സാഹചര്യത്തില്‍ സ്ഫോടനം നടത്താന്‍ ലക്ഷ്യമിട്ടല്ല ഇത് സ്ഥാപിച്ചതെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം