കേരള തണ്ടര്‍ബോള്‍ട്സിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു

August 24, 2012 കേരളം

തിരുവനന്തപുരം: ഭീകരവാദവും ആഭ്യന്തരകലാപവും തടയുന്നതിനായി സംസ്ഥാനത്തിന്റെ പുതിയ കമാന്‍ഡോ വിഭാഗമായ കേരള തണ്ടര്‍ബോള്‍ട്സിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പേരൂര്‍ക്കട എസ്എപി ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമാന്‍ഡോകളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. കേന്ദ്രനിര്‍ദേശപ്രകാരമാണ് പുതിയ സേനയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. സേനയുടെ രണ്ടാമത്തെ ബാച്ചിന് കൂടി കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആറ് പ്ളാറ്റൂണുകളിലായി 200 സേനാംഗങ്ങളാണ് ആദ്യഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.

സേന സംസ്ഥാനത്തിന് പ്രയോജനം ചെയ്യുമെന്ന് ബോധ്യപ്പെട്ടതിനാലാണ് രണ്ടാമത്തെ ബാച്ചിനായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുധപരിശീലനത്തിനൊപ്പം കായിക പരിശീലനവും തണ്ടര്‍ബോള്‍ട്സ് സേനാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. കേരളത്തിന് പുറമേ ഡല്‍ഹി, ചെന്നൈ തുടങ്ങിയിടങ്ങളിലും പരിശീലനം നല്‍കി. ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ ഭാഗമായിട്ടായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം