ആദിവാസിയൂരിന് നടുവില് സ്വകാര്യ റിസോര്ട്ട്

October 19, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ഷോളയൂര്‍: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസിയൂരിന് നടുവില്‍ വിനോദസഞ്ചാരകേന്ദ്രം ഉയരുന്നു. കാറ്റാടിക്കമ്പനി ആദിവാസിഭൂമി കൈയേറി തട്ടിപ്പുനടത്തിയ വരഗംപാടി ഊരിലാണ് ഇതും.
കോയമ്പത്തൂര്‍സ്വദേശിയുടെ നേതൃത്വത്തില്‍ ഊരുഭൂമി കൈയേറിയാണ് ഇതിനായി കെട്ടിടം പണിയുന്നത്. നിര്‍മാണക്കരാര്‍ ഏറ്റെടുത്തിട്ടുള്ളത് സി.പി.ഐ., കോണ്‍ഗ്രസ് എന്നിവയുടെ രണ്ട് പ്രാദേശികള്‍നേതാക്കള്‍ ചേര്‍ന്നായതിനാല്‍ പ്രതികരിക്കാന്‍ ഭയക്കുകയാണ് ഊരുനിവാസികള്‍.
ഊരില്‍ അഹാഡ്‌സിന്റെ നേതൃത്വത്തില്‍ വീടുനിര്‍മാണം നടക്കുന്നുണ്ട്. ഇതിനോടുചേര്‍ന്നുള്ള കെട്ടിടം നിര്‍മാണം അധികൃതര്‍ കണ്ടില്ലെന്നുനടിക്കുകയാണ്.
ഊരുനിവാസിയായ പഴനിയുടെ മുത്തശ്ശി രങ്കിയുടെപേരിലുള്ള 1.77 ഏക്കര്‍ ഭൂമി ഇതിനായി കൈയേറിയെന്ന് ഊരുനിവാസികള്‍ പരാതിപ്പെടുന്നു.
ഷോളയൂര്‍ വില്ലേജ്‌രേഖകളില്‍ സര്‍വേനമ്പര്‍ 1412/2ല്‍പ്പെട്ട ഈ സ്ഥലം നിലവില്‍ രങ്കിയുടെ പേരില്‍ ത്തന്നെയാണ്. പാട്ടത്തിനെടുത്ത് തമിഴ്‌നാട്‌സ്വദേശി രംഗനായകി വ്യാജരേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുത്തതായിക്കാണിച്ച് പഴനിയുടെ പിതാവിന്റെ ജ്യേഷ്ഠന്‍ മരുതന്‍ പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം ഇവര്‍ക്ക് ഭൂമി തിരിച്ചുനല്‍കാനാവശ്യപ്പെട്ട് ആര്‍.ഡി.ഒ. ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി പഴനി പറഞ്ഞു. എന്നാല്‍, ഭൂമി തിരിച്ചുനല്‍കാതെ പാട്ടത്തിനെടുത്തയാള്‍ മറിച്ചുവില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
24 കോട്ടേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയാണ് സുഖവാസകേന്ദ്രത്തിന്റെ നിര്‍മാണം. നാലേക്കറോളം ഭൂമിയാണ് ഇതിനായി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ ആദിവാസിഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ പറയുന്നു.
വരഗംപാടി ഊരിലെ ഏക്കര്‍കണക്കിന് ആദിവാസിഭൂമി വ്യാജരേഖചമച്ച് ചിലര്‍ സ്വന്തമാക്കിയിട്ടുണ്ട്. കാറ്റാടിക്കമ്പനിയുടെ മറവിലാണ് ഭൂമിതട്ടിപ്പില്‍ ഭൂരിപക്ഷവും. ഇതിനുപുറമെയാണ് റിസോര്‍ട്ടുകാരുടെ ഭൂമിതട്ടിപ്പ്. നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് അട്ടപ്പാടി സംരക്ഷണസമിതി സെക്രട്ടറി എം. സുകുമാരന്‍ ആവശ്യപ്പെട്ടു.
നിര്‍മാണക്കരാര്‍ ഏറ്റെടുത്തിരിക്കുന്ന് അഹാഡ്‌സിന്റെ ഭരണസമിതിയംഗം ഉള്‍പ്പെടെയുള്ള ചില ജനകീയ സമിതി ഭാരവാഹികളാണ്. ഇവര്‍തന്നെയാണ് മറ്റ്‌പേരുകളില്‍ വരഗംപാടിഊരില്‍ അഹാഡ്‌സിന്റെ വീടു നിര്‍മാണം നടത്തുന്നതെന്നും സുകുമാരന്‍ കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം