തീരദേശ നിരീക്ഷണസംവിധാനം നിലവില്‍ വന്നു

August 25, 2012 ദേശീയം

മുംബൈ: മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ തീരപ്രദേശങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന തീരദേശ നിരീക്ഷണ സംവിധാനം നിലവില്‍ വന്നു. മഹാരാഷ്ട്ര തീരത്ത് അതീവസുരക്ഷാമേഖലയായ 25 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് സ്ഥാപിച്ചിട്ടുള്ള ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍വഹിച്ചു. സെന്‍സറുകള്‍ റഡാര്‍ സ്റേഷനുകളുമായി ബന്ധപ്പെടുത്തിയുള്ള ഏറെ ചിലവേറിയ സംവിധാനമാണിത്. താരാപൂര്‍, കോര്‍ലേ, തൊല്‍കേഷ്വാര്‍, ദേവ്ഗഡ് എന്നിവിടങ്ങളിലാണ് റഡാര്‍ സ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ലക്ഷദ്വീപ്, മിനിക്കോയ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ ഉള്‍പ്പെടെ 46 ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. തീരപ്രദേശം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിന് തടയിടുകയാണ് സംവിധാനമേര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. മുംബൈ ആക്രമണത്തിന് തീവ്രവാദികള്‍ എത്തിയത് കടല്‍മാര്‍ഗമായിരുന്നു. തീരദേശ സംരക്ഷണസേനയുടെ മേല്‍നോട്ടത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുക. സെന്‍സറുകളില്‍ നിന്നും റിമോട്ട് ഓപ്പറേറ്റിംഗ് സ്റേഷനുകളിലേക്കെത്തുന്ന വിവരങ്ങള്‍ തീരസംരക്ഷണസേനയുടെ മേഖലാ ആസ്ഥാനങ്ങളിലെത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം