രണ്ടുസ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം പോലീസുകാരന് ആത്മഹത്യചെയ്തു

October 19, 2010 മറ്റുവാര്‍ത്തകള്‍

നാഗര്‍കോവില്‍: രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയശേഷം പോലീസുകാരന്‍ സ്വയം വെടിവെച്ചുമരിച്ചു. കൊല്ലപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ തമിഴ്‌നാട് പോലീസിലെ കോണ്‍സ്റ്റബിളാണ്.
മണിമുത്താര്‍ സ്‌പെഷ്യല്‍ബ്രാഞ്ചിലെ ഹെഡ്‌കോണ്‍സ്റ്റബിളായ ഉമാമഹേശ്വരി (36), ഭൂതപ്പാണ്ടി വല്ലടതെരുവില്‍ താമസിക്കുകയായിരുന്ന ഗീത (39) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് തിരുനെല്‍വേലി ജില്ലയില്‍ ഗോപാലസമുദ്രം സ്വദേശി ഇശക്കിമുത്തു (32) ആത്മഹത്യ ചെയ്തത്. ഇതില്‍ ഉമാമഹേശ്വരിയെ വെട്ടിയും ഗിതയെ വെടിവെച്ചുമാണ് കൊലപ്പെടുത്തിയത്.

ഗീതയ്ക്ക് ഒരു മകളും രണ്ട്ആണ്‍മക്കളുമുണ്ട്. ഭര്‍ത്താവ് പച്ചെമുത്തു വിദേശത്താണ്. ഉമാമഹേശ്വരിയുടെ ഭര്‍ത്താവ് ഇശക്കിയപ്പന്‍ തൂത്തുക്കുടിയില്‍ പോലീസ് വകുപ്പിലാണ്. രണ്ടുകുട്ടികളുമുണ്ട്. ഇശക്കിമുത്തു ഭാര്യയുമായി പിണങ്ങി കഴിഞ്ഞുവന്നതായാണ് അറിയുന്നത്.
രണ്ടു സ്ത്രീകളുമായി ഇശക്കിമുത്തുവിന് ബന്ധമുണ്ടായിരുന്നതായി പോലീസ് കരുതുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഭൂതപ്പാണ്ടിയില്‍ എത്തിയ ഇശക്കിമുത്തു സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഗീതയെ വീട്ടില്‍ നിന്ന് വിളിച്ച്, അടുത്തുള്ള പഴയ കെട്ടിടത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായ തര്‍ക്കങ്ങള്‍ക്കിടെ ഗീതയെ വെടിവെച്ചശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു ഇശക്കിമുത്തു. ഒച്ചകേട്ട് ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരുമാണ് വിവരം ഭൂതപ്പാണ്ടി പോലീസിനെ അറിയിച്ചത്. നാഗര്‍കോവില്‍ ഡി.എസ്.പി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടയിലാണ് ഇശക്കിമുത്തു മണിമുത്താറില്‍ ഞായറാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകയെയും കൊലപ്പെടുത്തിയ ശേഷമാണ് ഭൂതപ്പാണ്ടിയില്‍ എത്തി കൃത്യം നിര്‍വഹിച്ചതെന്നറിഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍