ക്രീമിലെയര്‍: എന്‍എസ്എസ് പിന്മാറി

August 27, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: മേല്‍ത്തട്ട് പരിധി ഉയര്‍ത്തുന്നതിനെതിരെ 2009-ല്‍ എന്‍എസ്എസ് സുപ്രീംകോടതിയില്‍ കൊടുത്തിരുന്ന കേസില്‍നിന്നു പിന്മാറി. എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി. ഐക്യത്തിന് ഈ നിലപാട് കൂടുതല്‍ ഗുണം ചെയ്യുമെന്ന് കരുതുന്നതായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

സംവരണത്തിന്റെ ക്രീമി ലെയര്‍(മേല്‍ത്തട്ട്)പരിധി നാലര ലക്ഷം രൂപ യാക്കി ഉയര്‍ത്തിയതിനെതിരേയായിരുന്നു എന്‍എസ്എസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഈ കേസ് പിന്‍വലിക്കാനാണ് ഇപ്പോള്‍ അപേക്ഷ നല്കിയിരിക്കുന്നത്. ഹര്‍ജി പിന്‍വലിക്കുന്നതായി എന്‍എസ്എസ് അഭിഭാഷകന്‍ സര്‍ക്കാര്‍ അഭിഭാഷകരെയും കോടതിയെയും അറിയിച്ചിട്ടുണ്ട്. സാമുദായ പരിഗണനകള്‍ക്കപ്പുറം സാമ്പത്തിക പിന്നോക്കാവസ്ഥ അടിസ്ഥാനമാക്കി സംവരണം ഏര്‍പ്പെടുത്തണമെന്നതായിരുന്നു എന്‍എസ്എസ്  നിലപാട്. അതോടൊപ്പം സംവരണം ലഭിക്കുന്ന പിന്നോക്ക വിഭാഗങ്ങളിലെ മുന്നോക്കക്കാരെ ഒഴിവാക്കണമെ ന്നും ആവശ്യപ്പെട്ടിരുന്നു.

2009-ലാണ് ക്രീമിലെയര്‍ പരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഹര്‍ജി നല്കിയത്. ക്രീമി ലെയര്‍ പരിധി സംബന്ധിച്ച കേസ് പരിഗണിച്ചിരുന്ന ജസ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ കഴിഞ്ഞയാഴ്ച കേസില്‍നിന്ന് പിന്മാറിയിരുന്നു.

നായരീഴവ ഐക്യം സംബന്ധിച്ച്, എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി ഓണം കഴിഞ്ഞാലുടന്‍ ചര്‍ച്ച നടത്തുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തൊടുപുഴയില്‍ പറഞ്ഞു. സംവരണം സംബന്ധിച്ച് എന്‍.എസ്.എസ്. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത് ഐക്യശ്രമത്തെ ത്വരപ്പെടുത്തുമെന്ന ജി.സുകുമാരന്‍നായരുടെ അഭിപ്രായത്തെ വെള്ളാപ്പള്ളി സ്വാഗതംചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍