2 ജി സ്‌പെക്ട്രം: ലേലത്തിനുള്ള സമയപരിധി നീട്ടി

August 27, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം ലേലം ചെയ്യുന്നതിനുള്ള സമയ പരിധി സുപ്രീം കോടതി  നീട്ടി. 2013 ജനവരി 11 വരെയാണ് നീട്ടിയിട്ടുള്ളത്. സമയപരിധിക്കുള്ളില്‍ ലേലം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു.  സുപ്രീം കോടതിയല്ലാതെ രാജ്യത്തെ മറ്റൊരു കോടതിയും സ്‌പെക്ട്രം ലേലം സംബന്ധിച്ച ഹര്‍ജികള്‍ സ്വീകരിക്കില്ലെന്നും കോടതി അറിയിച്ചു.

സ്‌പെക്ട്രത്തിന്റെ വില പുതുക്കി ആഗസ്ത് 31-ന് മുമ്പ് ലേലം വിളിച്ചു നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ സമയത്തിനുള്ളില്‍  ലേലം പൂര്‍ത്തിയാക്കുന്നതിന് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടി  കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി സമയപരിധി നീട്ടിയത്. ലേലം നിയന്ത്രിക്കുന്ന ഏജന്‍സി നല്‍കിയ പുതിയ സമയക്രമം പ്രകാരം നടപടികള്‍ നവംബര്‍ ആദ്യം മാത്രമേ തുടങ്ങാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ കേന്ദ്രം ഇടക്കാല അപേക്ഷ നല്‍കിയത്.

സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് 2 ജി സ്‌പെക്ട്രത്തിന് 14,000 കോടി രൂപ മന്ത്രിസഭ വില തീരുമാനിച്ചിരുന്നു.1,800 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍, അഞ്ച് മെഗാഹെര്‍ട്‌സിന് നല്‍കേണ്ട വിലയാണ് ഇത്. സി.ഡി.എം.എ. സേവനത്തിന് അടിസ്ഥാനവില 18,200 കോടി രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

2008 ജനവരിക്കുശേഷം ടെലികോം വിതരണം ചെയ്ത 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ ഇക്കഴിഞ്ഞ ഫിബ്രവരി രണ്ടിനാണ് സുപ്രീംകോടതി റദ്ദാക്കിയത്. ടെലികോം മുന്‍മന്ത്രി എ. രാജയുടെ കാലത്ത് 2 ജി സ്‌പെക്ട്രം വില പുതുക്കാതെ വിറ്റത് രാജ്യത്തിന് 1,76,000 കോടി രൂപയുടെ നഷ്ടം വരുത്തി എന്ന സി.എ.ജി. റിപ്പോര്‍ട്ട് വന്‍വിവാദത്തിന് വഴിവെക്കുകയും രാജയുള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍