എന്‍ഡോസള്‍ഫാന്‍ ലോക വ്യാപകമായി നിരോധിച്ചേക്കും

October 19, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ജനീവ: മനുഷ്യരിലും ജീവജാലങ്ങളിലും മാരക രോഗങ്ങളുണ്ടാക്കുന്ന കീടനാശിനി എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കാന്‍ കഴിഞ്ഞ ദിവസം സമാപിച്ച സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി യോഗത്തില്‍ നിര്‍ദേശം.
കീടനാശിനികളെ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അവലോകന സമിതിയാണ് എന്‍ഡോസള്‍ഫാനും അസിന്‍ഫോസ് മീഥൈലും മനുഷ്യനും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കുന്നതായി വിലയിരുത്തിയത്. ഇതുവഴി എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനത്തിനും ഉപയോഗത്തിനും കര്‍ശന നിയന്ത്രണങ്ങള്‍ വരും.
എന്‍ഡോസള്‍ഫാന്റെ കയറ്റുമതിക്കുമുമ്പ് ഏതു രാജ്യത്തിലേക്കാണോ ഈ കീടനാശിനി പോകുന്നത്, ആ രാജ്യത്തിന്റെ സമ്മതം നേടിയിരിക്കണമെന്ന് യോഗം വ്യവസ്ഥ ചെയ്തു. യു.എന്‍. വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാണിത്.
എന്നാല്‍, കേരളത്തിന്റെ നിരന്തര ആവശ്യം പരിഗണിക്കാതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തെ  ഇന്ത്യ എതിര്‍ത്തു.
മനുഷ്യാരോഗ്യവും പരിസ്ഥിതിയും രാസവസ്തുക്കളില്‍നിന്ന് സംരക്ഷിക്കാനായി രൂപം നല്‍കിയ നൂറിലധികം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ കണ്‍വെന്‍ഷന്‍ കഴിഞ്ഞ വര്‍ഷം തന്നെ എന്‍ഡോസള്‍ഫാനെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.
2011 മേയ് മാസത്തോടെ സ്ഥിരം മലിനീകരണ പദാര്‍ഥം എന്ന നിലക്ക് എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിച്ചേക്കുമെന്നാണ് കരുതുന്നത്.
അവലോകന സമിതിയിലെ 29 അംഗങ്ങളില്‍ 24 പേരും എന്‍ഡോസള്‍ഫാനെതിരായ തീരുമാനത്തോട് യോജിച്ചു. നിലവില്‍ 60 രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്.
മനുഷ്യനും പരിസ്ഥിതിക്കും കനത്ത നാശം വിതക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യമിട്ട് രൂപം നല്‍കിയ അന്താരാഷ്ട്ര പരിസ്ഥിതി ഉടമ്പടിയാണ് സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ ഓണ്‍ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂറ്റന്റ്‌സ്.
1995ല്‍ യു.എന്‍ പരിസ്ഥിതി സമിതിയുടെ ആഹ്വാനപ്രകാരം നടത്തിയ പഠനങ്ങളുടെ തുടര്‍ച്ചയായി 2001 മേയ് 23നാണ് ആദ്യ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ നടന്നത്.
ജനങ്ങളേറ്റുവാങ്ങിയ ദുരന്തങ്ങള്‍ മറന്ന് എന്‍ഡോസള്‍ഫാന് അനുകൂലമായി നീങ്ങിയ കേന്ദ്രനടപടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍