കോള്‍ ഇന്ത്യ ഓഹരി വില്‍പ്പനക്ക് മികച്ച തുടക്കം

October 19, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: കോള്‍ ഇന്ത്യയുടെ 15000 കോടി രൂപയുടെ ഓഹരി വില്‍പ്പനയ്ക്ക് മികച്ച തുടക്കം. ഓഹരി വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ 35 ശതമാനം തുകയ്ക്കുള്ള അപേക്ഷകള്‍ ലഭിച്ചു. ഇഷ്യൂവിന്റെ വലുപ്പം പരിഗണിക്കുമ്പോള്‍ ഇത് മികച്ച പ്രതികരണമാണെന്ന് ദല്ലാളന്മാര്‍ അഭിപ്രായപ്പെട്ടു. ഇതു വരെ 21.3 കോടി ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ആകെ 63.1 കോടി ഓഹരികളാണ് കമ്പനി വില്‍ക്കുന്നത്.
അപേക്ഷകള്‍ ഭൂരിഭാഗവും വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ് സമര്‍പ്പിച്ചത്. ചെറുകിട നിക്ഷേപകര്‍ക്കായി സംവരണം ചെയ്ത ഓഹരികള്‍ക്ക് ഒരു ശതമാനത്തോളം അപേക്ഷകളേ ലഭിച്ചിട്ടുള്ളൂ. എന്നാല്‍ വരും ദിവസങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കല്‍ ശക്തിപ്പെടുമെന്നാണ് കരുതുന്നത്. സാധാരണ ഗതിയില്‍ ഇഷ്യൂ ക്ലോസ് ചെയ്യുന്ന ദിവസമാവും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ എത്തുകയെന്ന് പ്രമുഖ ബ്രോക്കര്‍ സ്ഥാപനങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.
ധനകാര്യ സ്ഥാപനങ്ങളും വന്‍കിട നിക്ഷേപകരും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ മുഴുവന്‍ തുകയും അടയ്ക്കണമെന്ന നിയമം കര്‍ശനമാക്കിയതോടെ വന്‍കിട ഇഷ്യൂകള്‍ക്ക് അപേക്ഷകളുടെ കുത്തൊഴുക്ക് ഇല്ലാതായിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം തുക മാ്രതം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കിയാല്‍ മതിയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം