ഓണം വാരാഘോഷത്തിന് കൊടിയേറി

August 28, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന് പതാക ഉയര്‍ന്നു.  കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് നിന്നാരംഭിച്ച് കനകക്കുന്നില്‍ എത്തിച്ചേര്‍ന്ന  ഓണം വിളംബര ഘോഷയാത്രയെ സ്വീകരിച്ച് കൊണ്ട്  മിസോറം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ ഓണാഘോഷപതാക ഉയര്‍ത്തി.  മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഓണക്കാലത്ത് താന്‍ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവച്ച ടൂറിസം വാരാഘോഷപരിപാടികള്‍ ഇന്നും വിജയകരമായി തുടര്‍ന്നു വരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ വാരാഘോഷം തന്നെ ജനപങ്കാളിത്തംകൊണ്ട് വന്‍വിജയമായിരുന്നു. ഓണം വാരാഘോഷത്തെ മികവുറ്റതാക്കുന്നത് സമസ്തമേഖലകളില്‍നിന്നുളള വന്‍ ജനപങ്കാളിത്തമാണെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച  ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.  ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക, വി.ശിവന്‍കുട്ടി എം.എല്‍.എ., തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.  പാലോട് രവി എം.എല്‍.എ., സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഗവര്‍ണ്ണര്‍  വക്കം പുരുഷോത്തമന്‍ നിര്‍വ്വഹിച്ചു.   വൈകിട്ട് 3ന്  ആരംഭിച്ച  വിളംബര ഘോഷയാത്രയില്‍ കായിക താരങ്ങള്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം