ഓണം വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

August 28, 2012 കേരളം

തിരുവനന്തപുരം: ഇക്കൊല്ലത്തെ ഓണാഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 28) വൈകിട്ട് 6.30ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.  ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി സുബോധ് കാന്ത് സഹായ് മുഖ്യാതിഥിയായിരിക്കും.  പെരുമനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളത്തോടെയാണ്     ഓണാഘോഷത്തിന് തിരിതെളിയുക. അരനൂറ്റാണ്ട് കാലത്തെ അഭിനയ ജീവിതം പൂര്‍ത്തീകരിച്ച നടന്‍  മധുവിനെ സംസ്ഥാന സര്‍ക്കാര്‍ ചടങ്ങില്‍ ആദരിക്കും.

സിനിമാ താരങ്ങളായ മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം, ഷീല, ജയഭാരതി, ശാരദ, കെ.ആര്‍.വിജയ, വിധുബാല, ഖുഷ്ബു, സുഹാസിനി തുടങ്ങിയവര്‍ മധുവിനെ പൊന്നാടയണിയിക്കും.  തുടര്‍ന്ന് ജയ്ഹിന്ദ് ടി.വി ഒരുക്കുന്ന മധുരം എന്ന മെഗാഷോ അരങ്ങേറും.  പ്രശസ്ത നടിയും നര്‍ത്തകിയും ആയ ശോഭന അവതരിപ്പിക്കുന്ന ന്യത്ത സന്ധ്യയും പിന്നണി ഗായകരായ പി.ജയചന്ദ്രന്‍, മധു ബാലക്യഷ്ണന്‍, സുദീപ്കുമാര്‍, എം.ജയചന്ദ്രന്‍, സുജാത, മഞ്ജരി തുടങ്ങിവര്‍ മധു അഭിനയിച്ച മികച്ച 20 ഓളം ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും, ഹാസ്യ സന്ധ്യയും മെഗാഷോയ്ക്ക് മിഴിവേകും.  തലസ്ഥാന നഗരിയിലെ 26 വേദികളിലായാണ് കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 5000ല്‍പ്പരം കലാകാരന്മാര്‍ 7 ദിവസങ്ങളിലായി നടക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമാകും.  ഓണാഘോഷത്തിനായുളള എല്ലാ ഒരുക്കങ്ങളും  പൂര്‍ത്തിയായതായി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പാലോട് രവി എം.എല്‍.എ. അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം