പാചകവാതക ടാങ്കര്‍ അപകടം: രണ്ടുപേര്‍ മരിച്ചു

August 29, 2012 കേരളം

കണ്ണൂര്‍: ചാല ബൈപാസിനടുത്തു തിങ്കളാഴ്ച അര്‍ധരാത്രിയോടെ പാചകവാതകം നിറച്ച ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ 41 പേരില്‍ രണ്ടു പേര്‍ മരിച്ചു. ഇരുപതുപേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ക്ക് 60 ശതമാനം മുതല്‍ 90 ശതമാനംവരെ പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ ഒരാള്‍ വെന്റിലേറ്ററിന്റെ സഹായത്തോ ടെയാണു ജീവന്‍ നിലനിര്‍ത്തുന്നത്. പൊള്ളലേറ്റ മറ്റുള്ളവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്.

ചാല ഭഗവതിക്ഷേത്രത്തിനു സമീ പം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത (47), ചാല ഞാറോളി അബ്ദുള്‍ അസീസ് (55) എന്നിവരാണു മരിച്ചത്. അപകടം നടന്ന സ്ഥലത്തിന് അരകിലോമീറ്റര്‍ അകലെയാണു ശ്രീലതയുടെ വീട്. സ്‌ഫോടനശബ്ദംകേട്ടു വീടിനു പുറത്തിറങ്ങി ഓടുന്നതിനിടെയാണ് ഇവര്‍ക്കു പൊള്ളലേറ്റത്. ശ്രീലതയുടെ ഭര്‍ത്താവ് കേശവന്‍ ഗുരുതരാവസ്ഥയില്‍ കൊയിലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ മകന്‍ ഓട്ടോ െ്രെഡവറായ അജയന്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

മരിച്ച അബ്ദുള്‍ അസീസിന്റെ കുടുംബത്തിലെ 12 പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ 17 പേരാണു ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇതില്‍ ചാലാട്ടെ ഹോമിയോ ഡോക്ടര്‍ ബേബി നിവാസില്‍ കൃഷ്ണന്‍ (65) വെന്റിലേറ്ററിലാണ്. സാരമായി പരിക്കേറ്റ തോട്ടട വാഴയില്‍ ഓമനയമ്മ (65), തോട്ടട ആര്‍.പി. ഹൌസില്‍ നിര്‍മല(50) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എകെജി, കൊയിലി, സ്‌പെഷാലിറ്റി ആശുപത്രികളിലാണു മറ്റുള്ളവര്‍.

മംഗലാപുരത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്‌ളാന്റില്‍നിന്നു മലപ്പുറം ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫില്ലിംഗ് യൂണിറ്റിലേക്കു പാചകവാതകവുമായി പോവുകയായിരുന്ന ഐഒസിയുടെ നീളം കൂടിയ ബുള്ളറ്റ് ടാങ്കറാണു പൊട്ടിത്തെറിച്ചത്. കണ്ണൂര്‍തലശേരി റൂട്ടില്‍ ചാല ബൈപാസ് ജംഗ്ഷനടുത്ത ഡിവൈഡറില്‍ കയറി വലതുഭാഗത്തേക്കു ടാങ്കര്‍ മറിയുകയായിരുന്നു. മറിഞ്ഞയുടന്‍ പാചകവാതകം ചോര്‍ന്നു. 15 മിനിറ്റിനുള്ളില്‍ സ്‌ഫോടനമുണ്ടായി. 18 ടണ്‍ ദ്രവീകൃത പെട്രോളിയം ഗ്യാസ്് ടാങ്കറിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ ടാങ്കര്‍ മുകളിലേക്ക് ഉയര്‍ന്നു തെറിച്ചു. ഇതോടൊപ്പം അഗ്‌നിഗോളങ്ങള്‍ പ്രദേശമാകെ പരന്നു. പത്തു കിലോമീറ്റര്‍ അകലെവരെ സ്‌ഫോടനശബ്ദം കേട്ടു. അഞ്ചു കിലോമീറ്ററിലേറെ അകലെയുള്ള കണ്ണൂര്‍ നഗരത്തില്‍ നിന്നവര്‍ക്കുവരെ തീനാളങ്ങള്‍ ഉയരുന്നതു കാണാമായിരുന്നു. തമിഴ്‌നാട് സ്വദേശി കണ്ണയ്യനാണു ടാങ്കര്‍ െ്രെഡവറെന്നു കരുതുന്നു. ഇയാളുടെ െ്രെഡവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ് ദുരന്തസ്ഥലത്തുനിന്നു പോലീസിനു ലഭിച്ചിട്ടുണ്ട്.

ടാങ്കര്‍ മറിഞ്ഞയുടന്‍ ഓടിപ്പോയ ഇയാളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടില്ല. ദുരന്തം നടന്ന പ്രദേശത്തെ കാഴ്ചകള്‍ ഭീകരമാണ്. ഇരുപതു വീടുകള്‍, ചാല ബൈപാസ് ജംഗ്ഷനിലെ 23 കടകള്‍, ഒരു ബസ് ഷെല്‍ട്ടര്‍ എന്നിവ തകര്‍ന്നു. ഒരു കാറും രണ്ട് ഓട്ടോറിക്ഷകളും നാലു ബൈക്കുകളും കത്തിനശിച്ചു. കടകളുടെ ഷട്ടറുകള്‍ അടര്‍ന്ന് ഉരുകിയ നിലയിലാണ്. വീടുകളുടെ ഭിത്തിയടക്കം തകര്‍ന്നു വീണു. പൊട്ടിത്തെറിച്ച ടാങ്കറിന്റെ അവശിഷ്ടങ്ങള്‍ ഒരു കിലോമീറ്ററിലേറെ അകലത്തില്‍ ചിതറിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്നു കണ്ണൂര്‍കൂത്തുപറമ്പ് സംസ്ഥാനപാതയിലെ നിലച്ച ഗതാഗതം ഇന്നലെ രാവിലെയോടെ പുനഃസ്ഥാപിച്ചു.

റിഫ്‌ളക്ടറുകള്‍ വയ്ക്കാത്ത അശാസ്ത്രീയമായ ഡിവൈഡറാണ് അപകടമുണ്ടാക്കിയതെന്നും ഡിവൈഡര്‍ നീക്കം ചെയ്യാതെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു നാട്ടുകാര്‍ രാവിലെ വാഹനങ്ങള്‍ തടഞ്ഞിരുന്നു. പിന്നീടു നാട്ടുകാരെ അധികൃതര്‍ സമാധാനിപ്പിച്ചശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. രാത്രി 10.45 ന് അപകടം നടന്നയുടന്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളില്‍ നിന്നും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുമായി രണ്ടു ഡസനിലധികം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തു കുതിച്ചെത്തിയിരുന്നു. മണിക്കൂറുകളോളം പ്രയത്‌നിച്ച് ഇന്നലെ പുലര്‍ച്ചയോടെയാണു തീകെടുത്താനായത്. കണ്ണൂര്‍ കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ഐജി ജോസ് ജോര്‍ജ്, എസ്പി രാഹുല്‍ ആര്‍. നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വലിയസംഘം ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

നൂറുകണക്കിന് ആളുകളാണു രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. ദുരന്തസ്ഥലവും പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, എം.കെ. മുനീര്‍, കെ.പി. മോഹനന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍ എംപി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം