കസബിന്റെ വധശിക്ഷ ശരിവെച്ചു

August 29, 2012 ദേശീയം

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. നീതിപൂര്‍വമായ വിചാരണ തനിക്ക് ലഭിക്കുന്നില്ലെന്ന കസബിന്റെ വാദം കോടതി അംഗീകരിച്ചില്ല. ബോംബെ ഹൈക്കോടതി വിധിയനുസരിച്ചുള്ള വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കസബ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവുണ്ടായത്. അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികളായ ഫഹീം ഹര്‍ഷദ് മൊഹമ്മദ് യൂസഫ് അന്‍സാരി, സബാവുദീന്‍ ഷെയ്ഖ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയും സുപ്രീംകോടതി ശരിവെച്ചു.

തന്റെ കുറഞ്ഞ പ്രായം പരിഗണിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും കസബ് ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ കസബ് കടുത്ത ശിക്ഷ തന്നെ അര്‍ഹിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. വധശിക്ഷ മാത്രമാണ് നല്‍കാവുന്ന ശിക്ഷ. കസബിന്റെ കുറ്റസമ്മതം സ്വമേധയാ ഉണ്ടായതാണെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി നിരാകരിച്ചു. മൂന്നുമാസത്തെ വിചാരണക്കൊടുവിലാണ് വിധി വരുന്നത്. വിചാരണയ്ക്ക് മുമ്പ് നിയമസഹായം ലഭിച്ചില്ലെന്ന കസബിന്റെ വാദവും കോടതി തള്ളിക്കളയുകയായിരുന്നു.

2008 നവംബറില്‍ മുംബൈയെ നടുക്കിയ ആക്രമണങ്ങളില്‍ 166 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 2011 മെയിലാണ് വിചാരണക്കോടതി കസബിന് വധശിക്ഷ വിധിച്ചത്. മുംബൈ ഹൈക്കോടതി ഇത് പിന്നീട് ശരിവയ്ക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം