പാചകവാതക ടാങ്കര്‍ അപകടം: മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം; പൊള്ളലേറ്റവര്‍ക്ക് 5 ലക്ഷം വരെ

August 29, 2012 കേരളം

കണ്ണൂര്‍: ചാല ടാങ്കര്‍ലോറി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം രൂപാവീതം ധനസഹായം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.

40 ശതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റവരുടെ കുടുംബത്തിനു മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെയും 40 ശതമാനത്തില്‍ കുറവുള്ളവര്‍ക്കു രണ്ടു ലക്ഷം രൂപവരെയും ധനസഹായം നല്‍കും. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കളക്്ടറെ ചുമതലപ്പെടുത്തിയതായി മുഖമന്ത്രി പറഞ്ഞു.

ടാങ്കര്‍ ദുരന്തത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സംഭവസ്ഥലവും സന്ദര്‍ശിച്ചശേഷം ഗസ്‌റ്‌ഹൌസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ക്ക് അത്യാവശ്യ ചെലവിനായി 10,000 രൂപ വീതം നല്‍കും.

ഇന്നു മുതല്‍ ധനസഹായ വിതരണം ആരംഭിക്കും. തകര്‍ന്ന വീടുകള്‍, കടകള്‍, കെട്ടിടങ്ങള്‍, വാഹനങ്ങള്‍, കൃഷിനാശം എന്നിവ തിട്ടപ്പെടുത്തി ഉടന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടു ലഭിച്ചശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും.

അപകടത്തെത്തുടര്‍ന്നു സ്വന്തം വീടുകളില്‍ താമസിക്കാന്‍ കഴിയാത്തവര്‍ക്ക് ആറുമാസം വരെ പ്രതിമാസം 5000 രൂപ വീതം നല്‍കും. അറ്റകുറ്റപ്പണി നടത്തി താമസിക്കാന്‍ കഴിയുന്നവര്‍ക്ക് അതിനുള്ള സാഹചര്യവും ഒരുക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഇക്കാര്യത്തില്‍ വേണ്ട കാര്യങ്ങളെല്ലാം ചെയ്തു തരാന്‍ ഐഒസിയുടെ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐഒസി നല്‍കുന്ന സഹായധനം കുറവാണെങ്കില്‍ ബാക്കി തുക സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖമന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ജനപ്രതിനിധികള്‍, പോലീസ്, റവന്യൂ, അഗ്‌നിശമനസേന എന്നിവരെ അഭിനന്ദിച്ചു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്ന ചികിത്സയില്‍ സംതൃപ്തരാണ്. ഇനി ആര്‍ക്കെങ്കിലും മറ്റു സ്ഥലത്തു കൊണ്ടുപോകാന്‍ ആഗ്രഹമുണ്െടങ്കില്‍ അതിനായി ഐസിയു സംവിധാനമുള്ള ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുടെ സഹായം ലഭ്യമാക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം