കണ്ണൂര്‍ പാചകവാതക ടാങ്കര്‍ അപകടം: മരണം പതിനൊന്നായി

August 31, 2012 കേരളം

കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ പാചകവാതക ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വാതകചോര്‍ച്ച മൂലമുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നു പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ചാല സ്വദേശി കൃഷ്ണന്‍, ഭാര്യ ദേവി (58) മംഗലാപുരത്ത് ചികിത്സയിലായിരുന്ന നിഷാ രാജന്‍ എന്നിവരാണ് ഇന്ന് മരിച്ചത്. കണ്ണൂര്‍ കൊയ്ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലക്ഷ്മണന്‍, ചാല ഭഗവതിക്ഷേത്രത്തിനു സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത (47), ചാല ഞാറോളി അബ്ദുള്‍ അസീസ് (55), താട്ടട ആര്‍.പി. ഹൌസില്‍ നിര്‍മല (50), രമ (50), ചാല സ്വദേശിനി വാഴയില്‍ ഗീത(42), കണ്ണൂര്‍ ചാല സ്വദേശി ഞാറയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ റസാഖ് (55), ഭാര്യ റംലത്ത് (48) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.

10 പേര്‍ പൊള്ളലേറ്റ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ്, പരിയാരം മെഡിക്കല്‍ കോളജ്, മംഗലാപുരം ആശുപത്രി എന്നിവടങ്ങളിലാണ് പരിക്കേറ്റവര്‍ ചികിത്സയിലുള്ളത്. മംഗലാപുരത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ളാന്റില്‍നിന്നു മലപ്പുറം ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫില്ലിംഗ് യൂണിറ്റിലേക്കു പാചകവാതകവുമായി പോവുകയായിരുന്ന ഐഒസിയുടെ നീളം കൂടിയ ബുള്ളറ്റ് ടാങ്കറായിരുന്നു അപകടത്തില്‍പെട്ടത്. കണ്ണൂര്‍-തലശേരി റൂട്ടില്‍ ചാല ബൈപാസ് ജംഗ്ഷനടുത്ത ഡിവൈഡറില്‍ കയറി വലതുഭാഗത്തേക്കു ടാങ്കര്‍ മറിയുകയായിരുന്നു. മറിഞ്ഞയുടന്‍ പാചകവാതകം ചോര്‍ന്നു. 15 മിനിറ്റിനുള്ളില്‍ സ്ഫോടനമുണ്ടായി. 18 ടണ്‍ ദ്രവീകൃത പെട്രോളിയം ഗ്യാസ് ടാങ്കറിലുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം