തിരുവോണനാളില്‍ ഗുരുവായൂരില്‍ വന്‍ തിരക്ക്

August 31, 2012 മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍: തിരുവോണനാളില്‍ കണ്ണനെ തൊഴാന്‍ വന്‍ ഭക്തജനത്തിരക്ക്. നമസ്‌കാരസ്സദ്യ, കാഴ്ചശ്ശീവേലി, ചുറ്റുവിളക്ക് എന്നിവയായിരുന്നു ക്ഷേത്രത്തിലെ വിശേഷ ചടങ്ങുകള്‍.

ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് പുലര്‍ച്ചെ  നമസ്‌കാരമണ്ഡപത്തില്‍ നാക്കിലയില്‍ ആദ്യത്തെ ഓണപ്പുടവ സമര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതിയംഗം കെ. ശിവശങ്കരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ പി.കെ. ജയശ്രീ എന്നിവരും ഓണപ്പുടവ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തരും. പിന്നീട് കാഴ്ചശ്ശീവേലിയായിരുന്നു.  ഗജരത്‌നം പത്മനാഭന്‍ കോലമേറ്റി. പെരുവനം കുട്ടന്‍മാരാര്‍ മേളം നയിച്ചു. ഉച്ചതിരിഞ്ഞ് നടന്ന എഴുന്നള്ളിപ്പിന് സന്തോഷ് മാരാര്‍ പഞ്ചാരിമേളത്തിന് അമരക്കാരനായി. സന്ധ്യയ്ക്ക് ദീപാലങ്കാരവും നിറമാലയും ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് നടന്ന സദ്യയ്ക്ക് 12,000 ഓളം ഭക്തര്‍ പങ്കെടുത്തു. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്ക് ദേവസ്വം വകയായിരുന്നു നമസ്‌കാര സദ്യ.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍