ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: വി.എസ്

September 1, 2012 പ്രധാന വാര്‍ത്തകള്‍

കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ദുരന്തസ്ഥലവും മരിച്ചവരുടെ വീടുകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, സിപിഐ നേതാവ് സി. ദിവാകരന്‍, പി.ടി. തോമസ്, എം.വി. ജയരാജന്‍, പി.കെ. ശ്രീമതി, ടി.വി. രാജേഷ്, എന്‍സിപി നേതാവ് എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് സംഭവസ്ഥലവും ദുരന്തത്തില്‍ മരിച്ചവരുടെ വീടുകളും സന്ദര്‍ശിച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായത്തിന് പുറമേ ഐഒസിയില്‍ നിന്ന് 10 ലക്ഷം രൂപയെങ്കിലും വാങ്ങി നല്‍കാനുള്ള നടപടികള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി കൈക്കൊളളണം. വീടും കടകളും നശിച്ചവര്‍ക്ക് അത് നിര്‍മിച്ചു നല്‍കണം. ഗുരുതരമായി പരിക്കേറ്റവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ടാങ്കര്‍ ലോറിയുടെ സുരക്ഷിതത്വത്തില്‍ പെട്രോളിയം മന്ത്രാലയവും ഐഒസിയും കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. വാഹനത്തിന്റെ വേഗത, ഡ്രൈവര്‍മാരുടെ യോഗ്യത, ഡ്രൈവര്‍മാരുടെ എണ്ണം എന്നിവ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കി അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍