സിനിമാ നിര്‍മ്മാതാവ് വിന്ധ്യന്‍ അന്തരിച്ചു

September 2, 2012 കേരളം

തൃശ്ശൂര്‍: സിനിമാ  നിര്‍മ്മാതാവ് വിന്ധ്യന്‍ (61) അന്തരിച്ചു.  ശനിയാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മകളും അമ്മയും അരികിലുണ്ടായിരുന്നു.

19 -ാം വയസ്സില്‍ ഒരു സ്വകാര്യം എന്ന സിനിമയിലൂടെയാണ് വിന്ധ്യന്‍ നിര്‍മ്മാണരംഗത്തേക്ക് പ്രവേശിച്ചത്.  വടക്കുനോക്കിയന്ത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അയാള്‍ കഥയെഴുതുകയാണ്, ദൈവത്തിന്റെ മകന്‍, തസ്‌കരവീരന്‍, മുല്ലവള്ളിയും തേന്മാവും തുടങ്ങിയ ചിത്രങ്ങളും വിന്ധ്യന്‍റേതായുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത കേരള കഫേയില്‍ ചെറിയ വേഷത്തിലും അഭിനയിച്ചു. മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിന്റെ രചനയും വിന്ധ്യന്‍റേതാണ്.

2007ല്‍ പുറത്തിറങ്ങിയ ഒരേ കടല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി.  ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ ചിത്രത്തിനായിരുന്നു.
പെരിങ്ങോട്ടുകര ഞാറ്റുവെട്ടി പരേതനായ എന്‍.യു. ബാലകൃഷ്ണന്റെയും ശ്രീമതിയുടെയും മകനാണ്. ഭാര്യ: സോയ (പോസ്റ്റല്‍ വകുപ്പ് ഉദ്യോഗസ്ഥ, എറണാകുളം) മക്കള്‍: നോവല്‍, പുതുമ.

ചലച്ചിത്രതാരം മമ്മൂട്ടി, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ സിബി മലയില്‍, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ ഒട്ടേറെ പേര്‍ വിന്ധ്യന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കൊച്ചിയില്‍ എത്തിയിരുന്നു.  ശവസംസ്‌കാരം ഞായറാഴ്ച മൂന്നിന് പെരിങ്ങോട്ടുകര താന്ന്യത്തെ വീട്ടുവളപ്പില്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം