കേക്കില്‍ പാറ്റ: ബേക്കറി അടച്ചുപൂട്ടി

September 3, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കേക്കില്‍ പാറ്റയെ കണ്ടതിനെത്തുടര്‍ന്ന്  കേക്ക് നിര്‍മാണക്കമ്പനി  ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി. ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആംബ്രോസിയ എന്ന ബേക്കറിയുടെ കേക്ക് നിര്‍മ്മാണ യൂണിറ്റാണ് അടച്ചുപൂട്ടിയത്.

കേശവദാസപുരം കോര്‍ഡിയല്‍ എമറാള്‍ഡ് ഫ്ളാറ്റിലെ താമസക്കാരനും ടെക്നോപാര്‍ക്ക് ജീവനക്കാരനുമായ സുരേഷ് ബാല്‍രാജും ഭാര്യ ഷെര്‍ലിയും വാങ്ങിയ കേക്കില്‍നിന്നാണു പാറ്റയെ ലഭിച്ചത്. പട്ടം സ്പെന്‍സര്‍ ഷോപ്പില്‍നിന്നാണ് ഇവര്‍ കേക്ക് വാങ്ങിയത്. തുടര്‍ന്ന് ഇവര്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകറിനു നല്‍കിയ പരാതിയെത്തുടര്‍ന്നാണ്  ഭക്ഷ്യസുരക്ഷാവിഭാഗം മൊബൈല്‍ വിജിലന്‍സ് സ്ക്വാഡ് ചീഫ് ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ്. സുദര്‍ശനനും സംഘവും പരിശോധന നടത്തിയത്. പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണു കേക്ക് നിര്‍മിക്കുന്നതെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് നോട്ടീസ് നല്‍കി ബേക്കറി താത്കാലികമായി പൂട്ടി. കേക്കിന്റെ അവശിഷ്ടങ്ങള്‍ ലാബില്‍ പരിശോധിക്കും. ഫലംവന്ന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍