ഓണാഘോത്തിന് ഇന്നു സമാപനം

September 3, 2012 കേരളം

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച കേരളമൊട്ടാകെ ജനങ്ങളെ ആനന്ദലഹരിയില്‍ ആറാടിച്ച ഓണാഘോഷത്തിന്റെ സമാപനം ഇന്ന്. ഓണാഘോഷത്തിന്റെ പ്രധാന കേന്ദ്രമായ തിരുവനന്തപുരത്ത് നിരവധിവേദികളിലായി നാടന്‍ കലാരൂപങ്ങളും മെഗാഷോകളും ഉള്‍പ്പെടെ നിരവധി കലാരൂപങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ഇന്നു വൈകുന്നേരം നടക്കുന്ന ഘോഷയാത്രയോടെ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും. വെള്ളയമ്പലത്തു തുടങ്ങി കിഴക്കേക്കോട്ടയില്‍ അവസാനിക്കുന്ന കാഴ്ചയുടെ വിരുന്നില്‍ നൂറ്റിമുപ്പതില്‍പ്പരം ഫ്‌ളോട്ടുകളും ദൃശ്യ-ശ്രവ്യ കലാരൂപങ്ങളും അണിനിരക്കും.

വെള്ളയമ്പലത്ത് കെല്‍ട്രോണ്‍ ഓഫിസിനു മുന്നില്‍ വൈകുന്നേരം അഞ്ചിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഘോഷയാത്രയ്ക്ക് പച്ചക്കൊടി കാണിക്കും.  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണു മുഖ്യാതിഥി.  രണ്ടായിരത്തിയഞ്ഞൂറില്‍പ്പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഘോഷയാത്ര ഒരു പോയിന്റ് കടക്കാന്‍ രണ്ടര മണിക്കൂറെടുക്കും. നഗരത്തിലെ വിദ്യാലയങ്ങള്‍ക്ക് ഉച്ചതിരിഞ്ഞും സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മൂന്നു മണിക്കു ശേഷവും അവധി നല്‍കിയിട്ടുണ്ട്. മൂന്നു മണി മുതല്‍ ഒന്‍പതര വരെ കവടിയാര്‍-കിഴക്കേക്കോട്ട റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം