ഡല്‍ഹിയില്‍ അക്രമം: വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു

September 3, 2012 ദേശീയം

ന്യൂഡല്‍ഹി: ഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ് ത്രീയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ഇന്നലെ രാത്രി പൊലീസിനെ കണ്ടിട്ടും നിര്‍ത്താതെ ബൈക്ക് ഓടിച്ചു പോയ യുവാവിനെ പൊലീസ് അടിച്ചു വീഴ്ത്തിയതില്‍ പ്രതിഷേധിച്ച് മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ ആളുകള്‍ വന്‍ പ്രക്ഷോഭം നടത്തിയിരുന്നു. അക്രമം വ്യാപിച്ചതോടെ പൊലീസ് പലതവണ ആകാശത്തേക്ക് വെടിവച്ചു. വെടിവയ്പില്‍ പ്രദേശവാസികളില്‍ ഒരാള്‍ മരിക്കുകയായിരുന്നു.

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍വന്ന യുവാവിനോട് പൊലീസ് സംഘം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്കോടിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് പിന്നില്‍ നിന്നു പാലീസ് അടിച്ചു വീഴ്ത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.  സംഭവത്തില്‍ പ്രതിഷേധിച്ചു   പ്രദേശവാസികള്‍ പൊലീസ് പോസ്റ്റും സര്‍ക്കാര്‍ വാഹനങ്ങളും ബൈക്കുകളും കത്തിച്ചു.

അതേസമയം, യുവാവിനെ അടിച്ചുവീഴ്ത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു പൊലീസ് പറഞ്ഞു. യുവാവ് മദ്യലഹരിയിലായിരുന്നു. പൊലീസ് പിന്തുടരുമെന്നു ഭയന്നു വേഗം കൂട്ടിയപ്പോള്‍ നിയന്ത്രണം വിട്ടു ബൈക്ക് മറിയുകയായിരുന്നുവെന്നും അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം