ടാങ്കര്‍ ദുരന്തം: മരച്ചവര്‍ക്ക് 10 ലക്ഷം വീതം നല്‍കും

September 3, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കണ്ണൂരില്‍ ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. പൊള്ളലേറ്റവര്‍ക്ക് അഞ്ചുലക്ഷം വീതം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് പകരം വീട് നിര്‍മ്മിച്ചു നല്‍കും. പൊള്ളലേറ്റ എല്ലാവരുടെയും ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പൊള്ളലേറ്റവരെ ചികിത്സിക്കാനുള്ള വാര്‍ഡ് നിര്‍മ്മിക്കുന്നതിന്  മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. താഴെചൊവ്വ – പുതിയതെരുവ് റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ  തുക അനുവദിച്ചു.  അപകടം നടന്ന സ്ഥലത്തെ ഡിവൈഡര്‍ പൊളിച്ചു നീക്കും. അതിനു പകരം പുതിയ സംവിധാനം ഉണ്ടാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതിനിടെ  അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തൊന്‍പതായി. ചികിത്സയില്‍ കഴിയുന്ന നാലു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം മരിച്ച റംല ഹൌസില്‍ അബ്ദുല്‍ റസാഖ്-റംലത്ത് ദമ്പതികളുടെ മകന്‍ റിസ്വാന്‍ (12), ചാല നവനീതത്തില്‍ കുഞ്ഞിക്കൃഷ്ണന്റെ ഭാര്യ പുഷ്പലത (45) എന്നിവരാണ് ഇന്നലെ രാവിലെ മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍