പുരാണസാഹിത്യം

September 3, 2012 സനാതനം

കെ.പ്രഭാകരന്‍നായര്‍
മനുഷ്യന്‍ ചിന്താശീലനാണ്, പണ്ടെന്നപോലെ ഇന്നും അങ്ങനെതന്നെ. അവന്റെചിന്തയ്ക്കു വിഷയമെന്താണ്? ഈ പ്രപഞ്ചമല്ലാതെ മറ്റൊന്നുമല്ല പ്രപഞ്ചം എന്നതു മനുഷ്യനേയും അവനുചുറ്റും കാണുന്ന ലോകത്തേയും ഉള്‍ക്കൊള്ളുന്നു. പ്രപഞ്ചത്തില്‍ ചിന്തയ്ക്കു സഞ്ചരിക്കാന്‍ രണ്ടു വഴികളേ ഉള്ളൂ. ഒന്ന് അന്തര്‍മുഖവും മറ്റേതു ബഹിര്‍മുഖവും, ഓരോരുത്തനും അവനവന്റെ ഉള്ളിലേയ്ക്കു തിരിഞ്ഞു അവിടെയുള്ള രഹസ്യങ്ങളെ പ്രത്യക്ഷപ്പെടുത്തി അപഗ്രഥിക്കാന്‍ തുടങ്ങുമ്പോള്‍ മനുഷ്യചിന്ത അന്തര്‍മുഖമകുനന്നുവെന്നു പറയാം. ചുറ്റും കാണുന്ന ലോകപ്രകതിയേയു ദേശകാലനിമിത്തങ്ങള്‍ക്കു വിധേയമായി അപ്പോഴുപ്പോള്‍ പ്രകൃതിയില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങളേയും പറ്റി ചിന്തിക്കുമ്പോള്‍ മനുഷ്യചിന്ത ബഹിര്‍മുഖതകൈക്കൊള്ളുന്നു. മനുഷ്യന്‍രെ പരമമായ ലക്ഷ്യം ജ്ഞാനസമ്പാദനമാണെന്നാണ് നാളിതുവരെ ഉണ്ടായിട്ടുള്ള ഗവേഷണങ്ങള്‍ വിളിച്ചു പറയുന്നത്. ഇതിന്റെ കാരണമെന്തെന്നാല്‍ ജ്ഞാനം ശാശ്വതവും അക്ഷയവുമത്രേ. ജ്ഞാനഭിന്നമായ ഏതൊരു വസ്തുവും നശ്വരവും ക്ഷയോന്മുഖവുമാണ്. ഈ ജ്ഞാനം വെളിയിലെങ്ങും കിട്ടുന്ന പദാര്‍ത്ഥമല്ല. അതു സകലജീവികളുടേയും ഉള്ളില്‍ സ്ഥിതിചെയ്യുന്നു. ഈ പരമാര്‍ത്ഥം കണ്ടറിഞ്ഞ ഭാരതീയരായ ഋഷിമാര്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തങ്ങളുടെ ചിന്തയെ അന്തര്‍മുഖമായി നിയന്ത്രിച്ചുവിടുകയുണ്ടായി. തല്‍ഫലമായി പ്രപഞ്ചരഹസ്യത്തിന്റെ ഉള്ളറകള്‍ അവര്‍ക്കു അനുഭവസിദ്ധമായി. ഈ ലോകത്തിന് ഒരു നിയന്താവ് ഉണ്ടെന്നും അതു ജ്ഞാനസ്വരൂപമാണെന്നും അവര്‍ കണ്ടു. കര്‍മ്മം, ഭക്തി മുതലായമാര്‍ഗ്ഗങ്ങളും അവസാനം ജ്ഞാനത്തില്‍ വന്നുതന്നെ സംഗമിക്കുന്നു. ജ്ഞാനത്തില്‍ കൂടി നിയന്താവിനെ അറിയുകയും ചെയ്യം.

ഋഷിമാര്‍, തങ്ങള്‍ അനുഭവപ്പെടുത്തിയ ജ്ഞാനം ലോകത്തിന് ഉപകാരപ്രദമായവിധം പരിണമിക്കട്ടെ എന്നു കരുതി, അതിലേയ്ക്കുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. അങ്ങനെയാണ് വേദോപനിഷത്തുകളും  ഇതിഹാസപുരാണങ്ങളും രൂപംകൊണ്ടത്. വേദോപനിഷത്തുകള്‍ ശാശ്വതമായ അറിവിന്റെ ഉറവിടവും ഹിന്ദുമതത്തിന്റെ കാമലായ അംശവുമാണ്. ഈ അറിവ് ആരുടേയും സൃഷ്ടിയല്ല. ഋഷിമാര്‍ തപസ്സുചെയ്ത് അതിനെ അറിഞ്ഞുവെന്നുമാത്രം. ‘അന്വയവൃതിരേകങ്ങള്‍’ കൊണ്ടു നോക്കിയാലും ‘ജന്മാദ്യ’ നായവനുപോലും ഉല്പത്തിസ്ഥാനമായ ഭഗവാന്‍ ശ്രീനാരായണന്‍ അറിവിലെ ആദ്യമായി ആദികവിയായ ബ്രഹ്മാവിന് ഉപദേശിക്കുകയുണ്ടായി എന്നു ശ്രീമദ്ഭാഗവത മഹാപുരാണത്തില്‍ പ്രസ്താവിക്കുന്നു. ‘തപ’ എന്നാണ് വിഷ്ണു ബ്രഹ്മാവിനോടു കല്പിച്ചത്. ബ്രഹ്മത്തെ (ജ്ഞാനം) അറിയണമെങ്കില്‍ തപസ്സ് അനുഷ്ഠിക്കണം എന്നതത്രേ ഇതിന്റെ താല്പര്യം.

വേദോപനിഷത്തുകള്‍ ഉള്‍ക്കൊള്ളുന്ന ജ്ഞാനം ആഖ്യാനോപാഖ്യാനങ്ങളാലും ഗുരുശിഷ്യസംവാദങ്ങളാലും ലളിതരീതിയില്‍ പ്രതിപാദിച്ചിരിക്കുകയാണ് ഇതിഹാസപുരാണങ്ങളില്‍ അപ്രകമ്പ്യതകൊണ്ടും നിഗൂഢമകൊണ്ടും സാധാരണക്കാരനു ദുര്‍ബോധമായിരിക്കുന്ന വേദസാരം ഇതിഹാസപുരാണങ്ങളില്‍ നിന്ന് എളുപ്പം മനസ്സിലാക്കാം. ഗഹനങ്ങളായ തത്ത്വങ്ങള്‍ കഥാകഥനരൂപത്തിലാണല്ലോ അവിടെ പ്രതിപാദിച്ചിരിക്കുന്നത് രാമായണമെന്നും ഭാരതമെന്നും രണ്ട് ഇതിഹാസങ്ങള്‍ പ്രസിദ്ധങ്ങളാകയാല്‍ പുരാണങ്ങളെക്കുറിച്ച് അല്പം പരിചിന്തിക്കാമെന്നു കരുതുന്നു.

പുരാര്‍ത്ഥങ്ങളിലേയ്ക്ക് ആനയിക്കുന്നതാണ് പുരാണം എന്ന് ഒരു നിരുക്തി പുരാണശബ്ദത്തിനു കാണുന്നു. പ്രകൃതിപുരുഷന്മാരുടെ പരിണാമവും, ബ്രഹ്മാണ്ഡാത്മകവുമായ ഈ ലോകം തന്നെയാണു പുരാണത്തിനു വിഷയം. ജഡചേരുനാത്മകമായ പ്രകൃതി പുരുഷപരിണാമത്തിന്റെ ആത്യന്തികമായ അംശങ്ങളിലേയ്ക്കു നമ്മെനയിക്കുകയാണ് പുരാണം ചെയ്യുന്നത്. വിശ്വസൃഷ്ടിയുടെ ഇതിഹാസമാണ് പുരാണം എന്നു ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സൂക്ഷുദൃഷ്ടിയില്‍ ഇപ്പറഞ്ഞ രണ്ടു നിര്‍വചനങ്ങളും ഒന്നിന്റെ തന്നെ രൂപാന്തരങ്ങളാണെന്നു കാണാവുന്നതാണ്. മനുഷ്യചരിത്രംതന്നെ പൂര്‍ണ്ണമാകണമെങ്കില്‍ ഭൂമിയുടെ ഉല്പത്തിമുതല്ക്കു വന്നു ഭവിച്ചിട്ടുള്ള വികാസപരിണാമങ്ങളെയെല്ലാം അതില്‍ കൊള്ളിച്ചിരിക്കേതാകുന്നു. വിശ്വചരിത്രകാരനായ എച്ച്.ജി.വെത്സ് അദ്ദേഹത്തിന്റെ ‘ഔട്‌ലൈന്‍ ഓഫ് ഹിസ്റ്ററി’ എന്ന ഗ്രന്ഥം ലോകസൃഷ്ടിയുടെ പ്രഥമദശയില്‍ നിന്നു തുടങ്ങിക്കാണുന്നു.

പുരാണത്തിന്റെ നിത്യസിദ്ധതയെപ്പറ്റിയും പ്രാമാണികതയെപ്പറ്റിയും പ്രാചീനഗ്രന്ഥങ്ങളിലും വേദങ്ങളില്‍പോലും സൂചനകാണ്മാനുണ്ട്. പുരാണം സകലശാസ്ത്രങ്ങലേയും അപേക്ഷിച്ചു പ്രാചീനമാണെന്നും  ബ്രഹ്മദേവന്‍ ആദ്യമായി പുരാണങ്ങളെ സ്മരിച്ചുവെന്നും മത്സ്യപുരാണം ഉദ്‌ഘോഷിക്കുന്നു. സ്മരണചിന്തപ്രവചനങ്ങളാല്‍ ഉപാസതിവ്യമായ പുരാണം അക്ഷയമായ ജ്ഞാനത്തില്‍ നിന് ഭിന്നമല്ലെന്ന് ഇങ്ങനെ മനസ്സിലാക്കാം. കൂടാതെ അഥര്‍വേദവും പുരാണങ്ങളെ അനുസ്മരിക്കുന്നുണ്ട്. ബൃഹദാരണ്യകത്തിന്റെ ഭാഷ്യത്തില്‍ ശ്രീ ശങ്കരഭഗവദ്പാദര്‍ ‘അസദ് വാ ഇമഗ്ര ആസീദ്’ ഇത്യാദിവാക്യങ്ങള്‍ പുരാണമാണെന്നു വിവേചിക്കുന്നു. വാല്മീകിമഹര്‍ഷിയുടെ അഭിപ്രായമാണു സ്വീകാര്യമെങ്കില്‍ വര്‍ത്തമാനഭൂതഭാവികളുടെ സമഗ്രമായ പ്രപഞ്ചനം പുരാണം കൊണ്ടു സാധിച്ചിരിക്കുന്നു.

പുരാണത്തിന് ആസ്പദീഭൂതമായ വിഷയങ്ങളോട് സമീപിക്കുകയാണ് അടുത്ത കര്‍ത്തവ്യം, ഉഗ്രശ്രവസ്സ്, ലോകമഹര്‍ഷണന്‍ ഇങ്ങനെ രണ്ടു സൂതശ്രേഷ്ഠരാണ് പുരാണങ്ങളുടെ സമ്പാദകരായി അറിയപ്പെടുന്നത്. നൈമിശാരണ്യത്തില്‍ സമ്മേളിച്ചിരുന്ന മുനിസഭയുടെ ആദേശത്തെ പുരസ്‌കരിച്ചാണ് സൂതന്മാര്‍ പ്രമാണപ്രസംഗം നടത്തിയത്. ഉഗ്രശ്രവസ്സിന്റെ മതമനുസരിച്ച് വിസ്തൃതമായ നാലുവിഷയങ്ങളാണ് പുരാണത്തിന്റെ ഉള്ളടക്കം.

‘ആഖ്യാനൈശ്ചാപൃപാഖ്യമാനൈഃ
ഗാഥാഭിഃ കല്പശുദ്ധിഭിഃ
പുരാണസംഹിതാം ചക്രേ
ഭഗവാന്‍ ബാദരായണഃ’

ഈ നാലുവിഷയങ്ങളില്‍ ഒന്നാമത്തേതായ ആഖ്യാനം സമകാലീനമായ ഇതിവൃത്തമാകുന്നു. സമീപകാലത്ത് പരോക്ഷത്തില്‍ സംഭവിക്കുന്ന സംഗതികളാണ് ഉപാഖ്യാനത്തിന് ആസ്പദം. തലമുറകളായി പറഞ്ഞുകേട്ടുപോരുന്ന കഥകളാണു ഗാഥ. ചരിത്രസാമീപ്യമുള്ളതും ധര്‍മ്മശാസ്ത്രത്തിന്റെ പരിധിയില്‍ പെടുന്നതുമായ ജ്ഞാനം, കര്‍ത്തവ്യം ഇതുകള്‍ കല്പശുദ്ധിക്കു വിഷയീഭവിക്കുന്നു. ഇനി ലോമഹര്‍ഷണനെ ശ്രദ്ധിക്കാം. അദേദേഹം പുരാണസാഹിത്യത്തെ മുഴുവന്‍ പഞ്ചലക്ഷണങ്ങളില്‍ ഒതുക്കുന്നു. പഞ്ചലക്ഷണങ്ങള്‍ ഇങ്ങനെയാണ്.

‘സര്‍ഗശ്ച പ്രതിസര്‍ഗശ്ച വംശോ മന്വന്തരാണി ച
വംശാനുചരിതം ചൈവ പുരാണം പഞ്ചലക്ഷണം’

പാഠാനുക്രമത്തില്‍ പ്രതൃക്ഷപ്പെടുന്ന ഈ അഞ്ചുലക്ഷണങ്ങളേയും അര്‍ത്ഥാനുക്രമരീത്യാ ഇപ്രകാരം കാണിച്ചിരിക്കുന്നു.

മന്വന്തരവിജ്ഞാനം, സൃഷ്ടിവിജ്ഞാനം, പ്രതിസൃഷ്ടിവിജ്ഞാനം, വംശവിജ്ഞാനം, വംശാനുചരിതവിജ്ഞാനം.

മന്വന്തരഭേദങ്ങള്‍ യുഗം, ദിവ്യയുഗം, നിത്യകല്പം, സപ്തകല്പം, ത്രിംശതകല്പം എന്നു അഞ്ചാണ്. സൃഷ്ടിക്രമം, സൃഷ്ടിവിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍, അവതാരം. ആയതി ബ്രഹ്മാണ്ഡം ഇങ്ങനെ അഞ്ചുവിധത്തിലാണ് സൃഷ്ടി. പ്രതിസൃഷ്ടിയില്‍ ശാസ്ത്രാവതരണം, കല്പശുദ്ധി, സൃഷ്ടിസംഹാരം, ഋഷിവംശം, പിതൃവംശം, സൂര്യവംശം, ചന്ദ്രവംശം, അഗ്നിവംശം ഇപ്രകാരം അഞ്ചുവംശങ്ങളുടെ ചരിതമാണ് വംശവിജ്ഞാനത്തില്‍ കാണാവുന്നത്. വംശാനുചരിതത്തിലെ ഉള്ളടക്കം ഋഷിചരിതം, ദേവയോനീചരിതം, സൂര്യാദിവംശചരിതം, ദേവവംശചരിതം, അസുരവംശചരിതം, ഇത്രയുമാണ്.

ആദിയില്‍ പുരാണസംഹിത ഒന്നായിരുന്നു, പതിനെട്ടുവിഷയങ്ങളെ ലക്ഷ്യമാക്കുന്ന പതിനെട്ടുപര്‍വങ്ങള്‍ ഇതിന് ഉണ്ടായിരുന്നു. നൈമിശാരണ്യത്തില്‍ വച്ചുണ്ടായ സംവാദത്തില്‍ ഈ പതിനെട്ടു പര്‍വങ്ങളും പതിനെട്ടു പ്രത്യേകപുരാണങ്ങളായി രൂപംകൊണ്ടു. എട്ടുപുരാണങ്ങളുടെ സമ്പാദകന്‍ ഉഗ്രശ്രവസ്സും, പത്തെണ്ണങ്ങളുടേതു ലോകമഹര്‍ഷണനും ആണം. പ്രപഞ്ചത്തില്‍ പ്രകൃതിസ്ഥമായ പരമാത്മാവിനും പതിനെട്ടു കലകളിലായി വികാസം സംഭവിക്കുന്നു. ഈ കലകളുടെ ചിത്രീകരണം ഉള്‍ക്കൊള്ളതുമൂലം പുരാണത്തിന് പതിനെട്ടു പര്‍വങ്ങള്‍ ഉണ്ടായി എന്നു വിപശ്ചിത്തകള്‍ പ്രഖ്യാപിക്കുന്നു. കല്പാന്തരത്തില്‍ ഒന്നായിരുന്ന പുരാണം നൂറുകോടി ശ്ലോകങ്ങളിലായി വ്യാപിച്ചിരുന്നു. ഈ മഹത്തമമായ പുരാണം കാലപരിവര്‍ത്തനത്താല്‍ മനുഷ്യബുദ്ധിക്കു ധരിക്കാന്‍ കഴിയാതെവരുമ്പോള്‍ ശ്രീ ഭഗവാന്‍ വ്യാസരൂപത്തില്‍ അവതരിച്ച് പുരാണസംക്ഷേപം നടത്തുന്നു. കൃതത്രേതാദ്വാപരകലികളായ ചതുര്‍യ്യംഗങ്ങളില്‍ ദ്വാപരയുഗാന്താറുമാണ് വേദവ്യാസന്റെ ആവിര്‍ഭാവം ഉണ്ടാകുന്നത്. ഇങ്ങനെ ഇരുപത്തിയെട്ട് വ്യാസന്മാര്‍ ജനിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. സംക്ഷിപ്തപുരാണത്തിലെ ശ്ലോകസംഖ്യ നാലു ലക്ഷമാണ്.

പതിനെട്ടുപുരാണങ്ങളുടെ പട്ടിക ഇങ്ങനെയാണ്.
1. ബ്രഹ്മം 2. പാത്മം 3. വൈഷ്ണവം 4. വായു 5. ഭാഗവതം 6. നാരദം 7. മാര്‍ക്കണ്‌ഡേയം 8. അഗ്നി 9. ഭവിഷ്യത് 10. ബ്രഹ്മവൈവര്‍ത്തം 11. ലിംഗം 12. വരാഹം 13. സ്‌കന്ദം 14 വാമനം 15. കൂര്‍മ്മം 16. മാത്സ്യം 17. ഗാരുഡം 18. ബ്രഹ്മാണ്ഡം.

പുരാണങ്ങള്‍ക്കു ഭക്തിപൂര്‍വ്വം പാരായണം ചെയ്യുക, കേള്‍ക്കുക, അനുഷ്ഠിക്കുക മുതലായ കൃത്യങ്ങള്‍ പ്രാചീനഭാരതത്തിന്റെ പ്രത്യേകതകളായിരുന്നു. ഹൈന്ദവജനതയുടെ ഹൃദയത്തില്‍ ഭക്തി, ജ്ഞാനം, വൈരാഗ്യം, സദാചാരം, ധര്‍മ്മപരായണത എന്നീ മഹിതഗുണങ്ങള്‍ ഉല്പാദിച്ചത് പുരാണത്തിന്റെ പ്രഭാവം കൊണ്ടാണ്. തദ്വാരാ വേദം, ശാസ്ത്രം, ഈശ്വരന്‍, വര്‍ണ്ണാശ്രമധര്‍മ്മം, പുനര്‍ജ്ജമം, ആത്മാവിന്റെ അനശവരത, നിര്‍ഭയത എന്നീ മഹോന്നതമായ ആശയങ്ങളില്‍ ഹൈന്ദവമനസ്സ് വ്യാപരിക്കുകയുണ്ടായി. നമ്മുടെ സംസ്‌കാരം, ആചാരക്രമം,പഠനരീതി എന്നുവേണ്ട സകലതും പുരാണങ്ങളോടു കടപ്പെട്ടതാണ്. സംഗീതത്തിന്റേയും, സാഹിത്യത്തിന്റേയും സകതരിന്റേയും സമജ്ഞസസമ്മേളനം നമുക്കു പുരാണലോകത്തില്‍ കാണാം. സതീത്വത്തിന്റെ പരമമായ ആദര്‍ശം, ജിതേന്ദ്രയത, രണക്ഷേത്രത്തില്‍ മന്ദഹാസപൂര്‍വ്വം ജീവിതം ബലിയര്‍പ്പിക്കല്‍, സഹോദരസ്‌നേഹത്തിന്റേയും, പിതൃബന്ധത്തിന്റേയും പരാകാഷ്ഠ- എല്ലാം പുരാണത്തില്‍ പ്രകടമാകുന്നു. പക്ഷേ കാലഭേദം കൊണ്ടുണ്ടായ രുചിവ്യത്യാസത്താലും, രീതിവൈചിത്രത്താലും ചിലര്‍ പുരാണങ്ങളെ അവഹേളിക്കുന്നു. അജ്ഞതയുടെ ഭയാനകവും, ഇരുളടഞ്ഞതുമായ മണ്ഡലങ്ങളില്‍നിന്നു പൊന്തിവരുന്ന ഇത്തരം അവഹേളനങ്ങള്‍ ശാശ്വതമായ സത്യപ്രകാശത്തിനുമനുമ്പില്‍ നിഷ്പ്രയോജനങ്ങളായിത്തീരട്ടെ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം