സ്ഥാനക്കയറ്റത്തിനു സംവരണം: ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

September 4, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിനും സംവരണം ഏര്‍പ്പെടുത്തുന്നതുസംബന്ധിച്ച ഭരണഘടന ഭേഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.
സര്‍വകക്ഷിയോഗത്തില്‍ തീരുമാനം ഉണ്ടാകാതിരുന്നിട്ടും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിന് സംവരണം എന്ന നിലപാടുമായി മുന്നോട്ട് പോകാന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സര്‍വകക്ഷി യോഗത്തില്‍ ഇടത് പാര്‍ട്ടികളും ബിഎസ്പിയും ഭരണഘടനഭേദഗതി കൊണ്ടുവരുന്നതിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി എതിര്‍ത്തു.   തീരുമാനം സ്വാഭാവിക നീതിയുടെ നിഷേധമാണെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാട്. കല്‍ക്കരിപ്പാടം അഴിമതിയില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാരിന്റെ നടപടിയെന്നും സമാജ് വാദി നേതാക്കള്‍ കുറ്റപ്പെടുത്തി.

സംവരണപ്രശ്‌നത്തില്‍ നിയമനിര്‍മ്മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് അറ്റോണി ജനറല്‍ ജി.ഇ വഹന്‍വതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മായാവതി മുഖ്യമന്ത്രിയായിരിക്കെ സര്‍ക്കാര്‍ വകുപ്പുകളില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം ഏപ്രിലില്‍ സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍