സംസ്ഥാന അദ്ധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്തു

September 5, 2012 കേരളം

സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ കോട്ടണ്‍ ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: 51-ാമത് ദേശീയ അദ്ധ്യാപകദിനാഘോഷത്തിന്റെയും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍വ്വഹിച്ചു.  വിദ്യാഭ്യാസരംഗത്ത് മികച്ച സേവനം കാഴ്ചവച്ച അദ്ധ്യാപകര്‍ക്കായുളള സംസ്ഥാന അവാര്‍ഡുകള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദു റബ്ബ് വിതരണം ചെയ്തു.  കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴിയുളളവരാണ് മികച്ച അദ്ധ്യാപകരെന്നും അവര്‍ ഏറ്റെടുക്കുന്ന ദൗത്യത്തിന്റെ മഹനീയത കൊണ്ടാണ് സമൂഹം അദ്ധ്യാപകരെ  ആദരിക്കുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.

ഗുരുശിഷ്യബന്ധത്തിന് ഒരുതരത്തിലും പോറലേല്‍ക്കാതിരിക്കാന്‍ അദ്ധ്യാപകരും സമൂഹവും ജാഗ്രത പുലര്‍ത്തണം.  വിദ്യാഭ്യാസ മേഖലയിലെ ദുഷ്പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ അദ്ധ്യാപക സംഘടനകള്‍ക്കാകണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.  അദ്ധ്യാപക അവാര്‍ഡുകള്‍ അതത് വര്‍ഷംതന്നെ വിതരണം ചെയ്യാനും, അവാര്‍ഡ് തുക അയ്യായിരത്തില്‍ നിന്നും പതിനായിരമാക്കാനും നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദു റബ്ബ് അറിയിച്ചു.  സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ സമാപനചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  ചടങ്ങില്‍ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അദ്ധ്യക്ഷനായിരുന്നു.

പ്രൈമറി, സെക്കന്ററി വിഭാഗത്തിലായി 27 പേരും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 16 പേരുമാണ് സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹരായത്.  മികച്ച സ്‌കൂളുകള്‍ക്കുളള എവര്‍റോളിംഗ് ട്രോഫിയും 5 ലക്ഷം രൂപയും പ്രൈമറി വിഭാഗത്തില്‍ കാസര്‍ഗോഡ് അതിര്‍ക്കുഴി ജി.എല്‍.പി.എസ്. ഉം കോട്ടയം കല്ലറ സെന്റ് തോമസ് എച്ച്.എസും നേടി.  അഞ്ചാം  സ്ഥാനം വരെ നേടിയ സ്‌കൂളുകള്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

സര്‍ഗ്ഗാത്മസാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.  അദ്ധ്യാപകമത്സര വിജയികള്‍ക്കുളള കാഷ് അവാര്‍ഡ്, വിദ്യാരംഗം കാഷ് അവാര്‍ഡ് എന്നിവയും ചടങ്ങിനോടനുബന്ധിച്ച് വിതരണം ചെയ്തു.  പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍, ഡയറക്ടര്‍ എ.ഷാജഹാന്‍, അദ്ധ്യാപക സംഘടനാ നേതാക്കള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം