ഡയാനയായി കെയ്‌ര നൈറ്റ്‌ലി

October 19, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഡയാന രാജകുമാരിയുടെ ജീവിതത്തെ ആസ്​പദമാക്കി നിര്‍മിക്കുന്ന ‘ഡയാന’ എന്ന ഹോളിവുഡ് ചിത്രത്തില്‍ കെയ്‌ര നൈറ്റ്‌ലി നായികയാവുന്നു. ഹോളിവുഡിലെ പ്രമുഖരായ നിരവധി താരങ്ങളെ പരിഗണിച്ച ശേഷമാണ് ഡയാനയുടെ വേഷത്തിന് അനുയോജ്യയായ താരമായി കെയ്‌രയെ നിര്‍മാതാക്കള്‍ തിരഞ്ഞെടുത്തത്.
‘ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാമി’ലൂടെ ശ്രദ്ധേയയായ ശേഷം ‘പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍’ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ഹോളിവുഡിലെ വിലയേറിയ താരമായി മാറിയ 25കാരിയായ കെയ്‌രയുടെ അഭിനയജീവിത്തിലെ ഒരു പ്രമുഖ വേഷമായിരിക്കും ഡയാനയിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. കെയ്‌ര ബ്രിട്ടീഷുകാരിയാണെന്നതും ഡയാനയുടെ വേഷത്തിലേക്ക് കെയ്‌രയെ തിരഞ്ഞെടുക്കുന്നതിന് നിര്‍മാതാക്കളായ പാഥെ ഗ്രൂപ്പിനെ പ്രേരിപ്പിച്ചുവെന്നാണ് കരുതപ്പെടുന്നത്.
ഡയാനയുടെ 50-ാം ജന്മവര്‍ഷമായ 2011ല്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചാണ് ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീങ്ങുന്നത്. ‘ദ ക്വീന്‍’ എന്ന സിനിമയില്‍ ക്വീനിന്റെ വേഷമണിഞ്ഞ ഹെലന്‍ മിരനാണ് ‘ഡയാന’യില്‍ കെയ്‌രയുടെ അമ്മവേഷത്തിലെത്തുന്നത്. എലിസബത്ത് രാജ്ഞിയുടെ ജീവിതം ചിത്രീകരിച്ച ‘ക്വീന്‍’ എന്ന സിനിമയ്ക്കു സമാനമായി ഡയാനയുടെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളായിരിക്കും ഈ സിനിമയുടെ മുഖ്യപ്രമേയം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍