സൈബര്‍ സുരക്ഷാ വെല്ലുവിളി നേരിടാന്‍ പുതിയ സംവിധാനം രൂപീകരിക്കും: പ്രധാനമന്ത്രി

September 8, 2012 ദേശീയം

കേരളത്തില്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ വ്യാപകമാകുന്നത് ആശങ്കാജനകം

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സൈബര്‍ സുരക്ഷാ വെല്ലുവിളികളെ ശക്തമായി നേരിടുന്നതിനായി പുതിയ സംവിധാനം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. എസ്എംഎസുകളും സോഷ്യല്‍ മീഡിയകളും ഉപയോഗിച്ചുളള പ്രചാരണം പുതിയ വെല്ലുവിളിയാണ്. ഈ പ്രചാരണങ്ങളെ നേരിടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ഗീയ സംഘട്ടനങ്ങള്‍ വര്‍ധിച്ചുവരുന്നു.  ഇത്തരം സംഘര്‍ഷങ്ങള്‍ തടയുന്നതിനായി പോലീസ് സേന കൂടുതല്‍ നവീകരിക്കേണ്ടത് അത്യാവശ്യമാണ്. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും വര്‍ഗീയ സംഘട്ടനങ്ങള്‍ വര്‍ധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസാം കലാപവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡയകളിലെ പ്രചാരണവും എസ്എംഎസ് സന്ദേശങ്ങളും ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരില്‍ നിയന്ത്രണ രേഖ വഴിയുളള നുഴഞ്ഞുകയറ്റം കൂടുകയാണ്. തീവ്രവാദികള്‍ സമുദ്രാതിര്‍ത്തികള്‍ ലംഘിച്ച് രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ചേക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനായി തീരസംരക്ഷണ സേനയെ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം