പിഎസ്എല്‍വി സി- 21 വിക്ഷേപിച്ചു

September 9, 2012 ദേശീയം

ഹൈദരാബാദ്: ഐഎസ്ആര്‍ഒയുടെ നൂറാം ബഹിരാകാശ ദൌത്യമായ പിഎസ്എല്‍വി സി- 21 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഭ്രമണപഥത്തിലേക്ക് വിജയകരമായി കുതിച്ചു. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും എത്തിച്ചേര്‍ന്നു. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

വിക്ഷേപണം ചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു. 43 വര്‍ഷംകൊണ്ടാണ് ഐഎസ്ആര്‍ഒ ചരിത്ര നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ 100-ാം ദൌത്യത്തില്‍ ഇന്ത്യയുടെ ഉപഗ്രഹങ്ങളല്ല ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ഫ്രാന്‍സിന്റെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ സ്പോട്ട്- 6, ജപ്പാന്റെ പ്രോയിറ്റേഴ്സ് എന്നീ രണ്ട് ഉപഗ്രഹത്തെയാണ് പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചത്. 1975 ഏപ്രില്‍ 19-ന് ആര്യഭട്ടയാണ് ആദ്യമായി ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ആര്യഭട്ടയടക്കം 62 കൃത്രിമോപഗ്രഹങ്ങളും 37 റോക്കറ്റുകളുമാണ് ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളത്. 2008-ല്‍ ചാന്ദ്രയാന്‍ വിജയകരമായി വിക്ഷേപിക്കപ്പെട്ടതോടെയാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ ലഭിച്ചു തുടങ്ങിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം