അന്യസംസ്ഥാന ലോട്ടറി: നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ സെല്‍

October 20, 2010 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ എ.ഡി.ജി.പി സിബി മാത്യൂസിന്റെനേതൃത്വത്തില്‍ പ്രത്യേക മോണിട്ടറിങ് സെല്‍ രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രത്യേക സെല്‍ ഉറപ്പുവരുത്തും.

ലോട്ടറി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി. ലോട്ടറി വിഷയത്തില്‍ ഇതുവരെയുണ്ടായ വീഴ്ചകളുടെയല്ലാം ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ മോണിട്ടറിങ് സെല്‍ രൂപവത്കരിച്ചതിനാല്‍ ഇനി ലോട്ടറികളെ നിരീക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കായിരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികളില്‍ നിന്നും നവംബര്‍ മുതല്‍ ഉപാധികളോടെ മുന്‍കൂര്‍ നികുതി വാങ്ങാനും യോഗത്തില്‍ തീരുമാനമായി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍