കൂടംകുളം: സംഘര്‍ഷം അയല്‍ ജില്ലകളിലേക്കും വ്യാപിക്കുന്നു

September 10, 2012 ദേശീയം

ചെന്നൈ: കൂടംകുളം ആണവനിലയത്തില്‍ യുറേനിയം നിറയ്ക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് ആണവോര്‍ജ വിരുദ്ധസമിതി നടത്തുന്ന സമരം സമീപ ജില്ലകളിലേക്കും വ്യാപിച്ചു. സമരത്തിനിടെ പല സ്ഥലങ്ങളിലും തീവയ്പും കല്ലേറും ഉണ്ടായി. കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ സമരക്കാരെയും വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ നാലു പൊലീസുകാരെ തട്ടിക്കൊണ്ടു പോയെങ്കിലും പിന്നീടു മോചിപ്പിച്ചു.

ആണവനിലയത്തിനെതിരായ മുഴുവന്‍ ഹര്‍ജികളും മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണു പ്ലാന്റില്‍ ഇന്ധനം നിറയ്ക്കാന്‍ നടപടി തുടങ്ങിയത്. രാവിലെ സമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം സമരസമിതി പ്രവര്‍ത്തകര്‍ നിര്‍മിച്ച ഷെഡ് പൊളിച്ചു മാറ്റി. പൊലീസ് നടപടി ഭയന്ന് സമരക്കാരില്‍ പലരും കടലിലേക്കു ചാടി. പ്ലാന്റ് അടച്ചുപൂട്ടുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കണമെന്നാവശ്യപ്പെട്ടാണു സമരം നടത്തുന്നത്.

സമരക്കാര്‍ പ്ലാന്റിലേക്കു നടത്തിയ മാര്‍ച്ച് കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നു സമീപത്തെ കടല്‍തീരത്ത് കൂടിയിരുന്നു സമരക്കാര്‍ പ്രതിഷേധം നടത്തുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം