കൂടംകുളം സന്ദര്‍ശിക്കുന്നകാര്യം പരിഗണനയില്‍: വി.എസ്

September 10, 2012 കേരളം

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശിച്ചേക്കും. ആണവനിലയത്തിനെതിരേയുള്ള സമരം വീണ്ടും ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കാന്‍ ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.എപ്പോള്‍ പോകണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വക്കം ഖാദര്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.

ആണവനിലയം കൂടംകുളത്തെ ജൈവവൈവിദ്ധ്യത്തെ ബാധിക്കുമെന്നും അതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും  ഒരു ദിനപത്രത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം എടുത്തുകാട്ടിയിരുന്നു. കൂടംകുളം ആണവനിലയ പ്രശ്നത്തില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് ഘടകവിരുദ്ധമാണ് വി.എസിന്റെ അഭിപ്രായപ്രകടനം. ഇതിനു പിന്നാലെയാണ് കൂടംകുളം സന്ദര്‍ശിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം