മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പൊതുവായ മാര്‍ഗരേഖ പ്രായോഗികമല്ല: സുപ്രീംകോടതി

September 11, 2012 ദേശീയം

  • അഭിപ്രായസ്വാതന്ത്യ്രമെന്നാല്‍ പരിധിയില്ലാത്ത സ്വാതന്ത്യ്രമല്ല

ന്യൂഡല്‍ഹി: കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പൊതുവായ മാര്‍ഗരേഖ രൂപീകരിക്കുക പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. വാര്‍ത്തകള്‍കൊടുക്കാവുന്ന ‘ലക്ഷ്മണരേഖ’ മാധ്യമപ്രവര്‍ത്തകര്‍ മനസ്സിലാക്കണമെന്നും കോടതിയലക്ഷ്യമാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. വിഷയം പരിശോധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. കേസ് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പരാതിയുള്ള കക്ഷികള്‍ക്ക് ഇതിനെതിരേ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാമെന്നും വിചാരണയെ സ്വാധീനിക്കുമെന്ന് ബോധ്യപ്പെടുന്ന കേസുകളില്‍ കോടതികള്‍ക്ക് നേരിട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടയാമെന്നും ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ഭരണഘടനാ വിദഗ്ധരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബെഞ്ച് ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ ഭരണഘടനയെക്കുറിച്ച് ബോധവാന്മാരാകണം. അഭിപ്രായസ്വാതന്ത്യ്രമെന്നാല്‍ പരിധിയില്ലാത്ത സ്വാതന്ത്യ്രമല്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ച് ബെഞ്ച് പറഞ്ഞു. അഭിപ്രായസ്വാതന്ത്യ്രത്തിനും ജീവിക്കാനുള്ള സ്വാതന്ത്യ്രത്തിനും വ്യക്തമായ വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ട്. അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതേക്കുറിച്ചും ബോധവാന്‍മാരായിരിക്കണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റീസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റീസുമാരായ ഡി.കെ ജയിന്‍, എസ്.എസ് നിജ്ജാര്‍, ആര്‍.പി ദേശായി, ജെ.എസ്. കെഹാര്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.

സഹാറ ഗ്രൂപ്പും ഓഹരി വിപണി നിയന്ത്രകരായ സെബിയും തമ്മിലുള്ള തര്‍ക്കത്തിലെ ചില നിര്‍ണായക രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതോടെയാണ് മാധ്യമവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ മാര്‍ഗരേഖ രൂപീകരിക്കണമെന്ന വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം