എമര്‍ജിങ് കേരളയിലെ പ്രതിനിധികള്‍ക്ക് പ്രത്യേക യാത്രാസൌകര്യം ഏര്‍പ്പെടുത്തി

September 12, 2012 കേരളം

കൊച്ചി: എമര്‍ജിങ് കേരളയിലെ പ്രതിനിധികള്‍ക്ക് യാത്രചെയ്യുന്നതിനായി പ്രത്യേക യാത്രാസൌകര്യം ഏര്‍പ്പെടുത്തി. പ്രതിനിധികള്‍ താമസിക്കുന്ന നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് സമ്മേളനം നടക്കുന്ന മൂന്ന് ദിവസങ്ങളിലും രാവിലെ എട്ട് മുതല്‍ 10 വരെ പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും. 12, 14, 18 സീറ്റുകളുള്ള എ.സി. ബസുകള്‍ ആണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ഇതു കൂടാതെ ക്രൌണ്‍ പ്‌ളാസ്, വെജിറ്റബിള്‍ ഫ്രൂട്ട് പ്രൊമോഷന്‍ മാര്‍ക്കറ്റ് ഏരിയ, പാം ഫൈബര്‍, തോംസണ്‍ ഇന്‍ഡസ്ട്രീസ് എന്നീ പാര്‍ക്കിങ് ഏരിയകളില്‍ നിന്നും ഷട്ടില്‍ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ഹോട്ടല്‍, ഗ്രാന്റ് ഹോട്ടല്‍, വുഡ്‌സ് മാനര്‍, അവന്യൂ റീജന്റ്, മെട്രാപോളിറ്റന്‍ ഹോട്ടല്‍, ദി ക്യാപിറ്റല്‍ കൊച്ചി, ഹാര്‍ബര്‍ വ്യൂ റസിഡന്‍സി, അവന്യൂ സെന്റര്‍, ടാജ് ഗേറ്റ്വേ, ഗോകുലം പാര്‍ക്ക് ഇന്‍, റനൈസാന്‍സ്, മെര്‍മെയ്ഡ് ഡെയ്‌സ് ഇന്‍, ബിറ്റിഎച്ച് സരോവരം എന്നിവിടങ്ങളില്‍ നിന്നുളള ഡെലിഗേറ്റുകളെ കൊണ്ടുപോകുന്നതിനും വരുന്നതിനും രാവിലെ എട്ട് മുതല്‍ 9.30 വരെ എ.സി.കോച്ചുകള്‍ ഉണ്ടാകും. ഇവയുടെ സമയക്രമം യാത്രപോകുന്ന ഇടങ്ങളില്‍ അറിയാം. ബാഡ്ജുള്ള രജിസ്‌റര്‍ ചെയ്ത ഡെലിഗേറ്റുകള്‍ക്കെല്ലാം ഈ സൌകര്യം ഉപയോഗിക്കാം. അതത് ഹോട്ടലുകളുടെ മുന്‍പില്‍നിന്ന് പുറപ്പെടുന്ന ബസുകള്‍ ലേ മെരിഡിയന്‍ കാര്‍ പോര്‍ച്ചില്‍ ഡെലിഗേറ്റുകളെ എത്തിക്കും. ഡിന്നറിനുശേഷം തിരികെയുള്ള യാത്ര ആരംഭിക്കും.

പുറത്തുനിന്നുള്ള ഡെലിഗേറ്റുകളെ സഹായിക്കുന്നതിനായി കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ ഡൊമസ്‌റിക് ഇന്റര്‍ നാഷണല്‍ ടെര്‍മിനലുകളില്‍ ട്രാവല്‍ ഡസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്. ലേ മെരിഡിയനിലും ട്രാവല്‍ ഡസ്‌ക് സൌകര്യം ലഭ്യമാണ്. 52 രാജ്യങ്ങളില്‍ നിന്നായി 2500ഓളം ഡെലിഗേറ്റുകളാണ് എമര്‍ജിങ് കേരളയില്‍ പങ്കെടുക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം