കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വി.സി. കെ.എ.ജലീല്‍ അന്തരിച്ചു

September 12, 2012 മറ്റുവാര്‍ത്തകള്‍

ഫറോക്ക്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ.കെ.എ.ജലീല്‍(90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ ഒമ്പതേമുക്കാല്‍ വരെ ഫാറൂഖ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. മയ്യത്ത് നിസ്‌കാരം 10 മണിക്ക് ഫാറൂഖ് കോളേജ് മസ്ജിദുല്‍ അസ്ഹറില്‍ നടക്കും.

സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനായിരുന്ന അദ്ദേഹം സാഫി സ്ഥാപക ചെയര്‍മാന്‍, ഓള്‍ ഇന്ത്യ മുസ്ലീം എജ്യുക്കേഷണല്‍ സൊസൈറ്റി, കേരള മുസ്ലീം എജുക്കേഷണല്‍ സൊസൈറ്റി എന്നിവയുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം തലവനായി എട്ട് വര്‍ഷവും പ്രിന്‍സിപ്പലായി 1957 മുതല്‍ 1979 വരെയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979 മുതല്‍ 1983 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്നു.

കേരള സാഹിത്യ അക്കാദമി ഐ.സി.ചാക്കോ അവാര്‍ഡ്(1991), ഷാ സാഹിബ് അവാര്‍ഡ്(1992), സീനിയര്‍ സിറ്റിസണ്‍സ് എക്‌സലന്‍സ് അവാര്‍ഡ്(1994), രാമാശ്രമം അവാര്‍ഡ്(1997), റോട്ടറി അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ എജ്യുക്കേഷന്‍(1997) തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കര്‍ഹനായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍