രാജസൂയം

September 13, 2012 സനാതനം

പി. വേലുപ്പിള്ള

ജരാസന്ധന്റെ കൊട്ടാരം മൂന്നു ബ്രാഹ്മണര്‍ പ്രവേശിച്ച് അഭിവാദനം ചെയ്യുന്നു.
ജരാസന്ധന്‍-ഹേ ബ്രാഹ്മണരേ നിങ്ങള്‍ എവിടെ നിന്നും വരുന്നു. എന്താണ് നിങ്ങളുടെ ആഗമനോദ്ദേശം?

ബ്രാഹ്മണര്‍-ഞങ്ങള്‍ കുറച്ചകലെനിന്നും വരുന്നവരാണ്. ലോകപ്രസിദ്ധമായ അവിടുത്തെ ഔദാര്യം കര്‍ണ്ണാകര്‍ണ്ണികയാ ഞങ്ങള്‍ക്കും അറിവാനിടയായി. ഇവിടെ വന്നു യാചിച്ചിട്ട് വെറും കയ്യോടെ പോകാന്‍ അവിടുന്ന് ഒരുത്തരേയും വിശേഷിച്ചും ബ്രാഹ്മണരെ, അനുവദിക്കയില്ല എന്നാണ് ഞങ്ങളുടെ അറിവ്.

ജരാ-ഇവരെക്കണ്ടിട്ട് ബ്രാഹ്മണരാണെന്നുതന്നെ തോന്നുന്നുണ്ടെങ്കിലും ഇവരുടെ കയ്യില്‍ കാണുന്ന ഞാണ്‍തഴമ്പ് എന്നെ സംശയഗ്രസ്തനാക്കുന്നു, കൂടാതെ ഇവരെ നല്ല മുഖപരിചയമുള്ളതുപോലെയുമിരിക്കുന്നു. ഏതായാലും ഭിക്ഷാംദേഹികളായാണല്ലോ ഇവിടെ വന്നിട്ടുള്ളത്. നിങ്ങള്‍ക്കെന്താ വേണ്ടതെന്നുവച്ചാല്‍ അതു ചോദിക്കാം; ഇവിടെ ഒന്നിനും കുറവില്ല.

ശ്രീകൃഷ്ണന്‍-മഹാരാജാവേ, ഞങ്ങള്‍ക്ക് ആവശ്യം ദ്വന്ദ്വയുദ്ധമാണ്. ഈ നില്ക്കുന്നത് മദ്ധ്യമപാണ്ഡവനായ അര്‍ജ്ജുനനും മറ്റേയാള്‍ അര്‍ജ്ജുനന്റെ ജ്യേഷ്ഠനായ ഭീമസേനനുമാണ്. ഞാന്‍ അങ്ങയുടെ ശത്രുവായ കൃഷ്ണനാണ്. ഞങ്ങള്‍ മൂന്നുപേരില്‍ ഒരാളോട് അങ്ങ് ഇപ്പോള്‍തന്നെ ദ്വന്ദ്വയുദ്ധത്തിനു തയ്യാറാക്കണം. അതു മാത്രമേ ഞങ്ങള്‍ക്ക് വേണ്ടതുള്ളൂ.

ജരാ-അപ്പോള്‍ ബ്രാഹ്മണവേഷം ഒരു പറ്റിപ്പായിരുന്നു അല്ലേ? ഞാനത് നേരത്തേതന്നെ മനസ്സിലാക്കിയിരുന്നു. ശരി, നാം വാക്കു മാറുകയില്ല. ആരോടാണ് യുദ്ധം ചെയ്യേണ്ടത്. അര്‍ജ്ജുനനാണെങ്കില്‍ വെറും ഒരു ബാലന്‍, നമുക്ക് ഒട്ടുംതന്നെ ചേര്‍ന്നവനല്ല. നിങ്ങള്‍ പതിനേഴുപ്രാവശ്യം എന്നോടുതന്നെ എതിരിട്ടു പരാജയപ്പെട്ട് സമുദ്രത്തിലെങ്ങാണ്ടോ പോയി ഒളിവില്‍ കഴിയുന്ന ആളാണ്; അതിനാല്‍ ദ്വന്ദ്വയുദ്ധത്തിന് നിങ്ങളും യോഗ്യനല്ല. പിന്നെ ഭീമസേനനോടാണെങ്കില്‍ ഒരു കൈ നോക്കാം.

ആര്‍ക്കാണ് ജയമെന്നു തീര്‍ത്തു പറയാന്‍ വയ്യാത്തവണ്ണം യുദ്ധം അതിഭയങ്കരമായിരുന്നു. രണ്ടു പര്‍വ്വതങ്ങളില്‍ നിന്നു പുറപ്പെടുന്ന നദികള്‍ ഒന്നുചേര്‍ന്ന് സമുദ്രത്തിലേക്കൊഴുകുംപോലെ രണ്ടുപേരുടെയും ശരീരത്തില്‍ നിന്നും നിര്‍ഗ്ഗമിച്ചുകൊണ്ടിരുന്ന രക്തനദികള്‍ ഒന്നുചേര്‍ന്ന് ഒഴുകിത്തുടങ്ങി. ഒരാഴ്ചകഴിഞ്ഞപ്പോള്‍ ഭീമസേനന്‍ വല്ലാതെ ക്ഷീണിച്ചു തുടങ്ങി, ഒരു സായംസന്ധ്യയില്‍ ഭഗവാനോടായി ഭീമസേനന്‍ ഇപ്രകാരം പറയുകയുണ്ടായി.

ഭീമ-ഭഗവാനേ, എന്റെ പുറമെല്ലാം വല്ലാതെ വേദനിക്കുന്നു. ഉറക്കം അശേഷം വരുന്നില്ല. കൈകാലുകള്‍ കുഴയുന്നു. ഇനി എന്താണ് ചെയ്യേണ്ടത്.

ശ്രീകൃഷ്ണന്‍-വീരയോദ്ധാക്കളെന്നഭിമാനിക്കുന്നവര്‍ ഈ നിസ്സാരകാര്യങ്ങളെച്ചൊല്ലി വിലപിക്കയോ? ഒരിക്കലും പാടില്ല. ഭയന്നിട്ടാവശ്യമില്ല. തന്റേടമായിത്തന്നെ യുദ്ധം ചെയ്യണം. ഞാന്‍ ഇവിടെയുള്ള കാര്യം മറന്നുപോകരുത്.
ദിവസങ്ങള്‍ പതിനാറു കഴിഞ്ഞു, ഭീമസേനന്‍ തന്റെ എല്ലാ അഹംഭാവവും ഉപേക്ഷിച്ച് ആശ്രിതവത്സലനായ കൃഷ്ണപരമാത്മാവിനെ സമീപിച്ചു ഇപ്രകാരം അറിയിച്ചു.

ഭീമ-സ്വാമിന്‍, നാളെ ഞാനേതായാലും യുദ്ധത്തിനില്ല. ഇന്നു രാത്രിതന്നെ എന്റെ മരണം സംഭവിക്കുമെങ്കില്‍ ഞാനതൊരു മഹാഭാഗ്യമായി കരുതുകയാണ്.
ശ്രീകൃഷ്ണന്‍-ഇപ്പോള്‍ ഞാന്‍ കേട്ട വാക്കുകള്‍ മഹാപരാക്രമിയായ ഭീമസേനനില്‍ നിന്നും പുറപ്പെട്ടതാണോ എന്നു ഞാന്‍ സംശയിക്കുന്നു, ശരി, ഏതായാലും നാളെ ഈ യുദ്ധം അവസാനിപ്പിച്ചേക്കാം. എന്നു പറഞ്ഞുകൊണ്ട് ഭീമസേനന്റെ പാദാഭികേശം തൃക്കൈക്കൊണ്ട് തലോടുന്നു. ഭീമസേനന്റെ ക്ഷീണമെല്ലാം തീര്‍ന്ന് ഉദ്ധൃതവീര്യവാനായി പിറ്റേദിവസവും ഗദായുദ്ധത്തിനിറങ്ങി.

ഭീമന്‍ ജരാസന്ധനെ വധിക്കുന്നു

അവസാനത്തെ സമരം അതിഭയങ്കരമായിരുന്നു. രണ്ടുപേരുടേയും ഗദകള്‍ ഒടിഞ്ഞു. അനന്തരം മുഷ്ടിയുദ്ധം തുടങ്ങി. അതിഭയങ്കരമായ യുദ്ധത്തിനുശേഷം ഭീമസേനന്‍ ജരാസന്ധനെ രണ്ടായിപ്പിളര്‍ന്നു, ഭഗവന്നിര്‍ദ്ദേശമനുസരിച്ചു രണ്ടിടത്തായെറിയുന്നു. ദേവന്മാരും, മഹര്‍ഷിമാരും ശ്രീകൃഷ്ണഭഗവാനേയും ഭീമസേനനേയും സ്തുതിച്ചുതുടങ്ങി.

ഇരുമ്പുകവാടങ്ങള്‍ തുറക്കപ്പെട്ടു. ഇരുപത്തെണ്ണായിരം രാജാക്കന്മാര്‍ ഒന്നിനുപുറകേ ഒന്നായി ഭഗവാനേയും ഭീമസേനനേയും അര്‍ജ്ജുനനേയും നമസ്‌ക്കരിച്ചു സ്തുതിഗീതങ്ങള്‍ മുഴക്കി. വിജയശ്രീലാളിതനായ ശ്രീകൃഷ്ണന്‍ ഭീമസേനന്റേയും അര്‍ജ്ജുനന്റേയും രാജാക്കന്മാരുടേയും അകമ്പടിയോടും സംഖ്യയില്ലാത്ത വിഭൂതികളോടും ഖാണ്ഡവപ്രസ്ഥത്തില്‍ വന്നു ചേര്‍ന്നിട്ട് പാഞ്ചജന്യം മുഴക്കുന്നു. അതു കേട്ട് യുധിഷ്ഠിരന്‍ നകുലസഹദേവന്മാരോടുകൂടി ഇറങ്ങിവന്ന് നമസ്‌കരിച്ച് എതിരേറ്റു കൂട്ടിക്കൊണ്ടു പോകുന്നു.

യുധി-അവിടുത്തെ കാരുണ്യാതിരേകംകൊണ്ട് എല്ലാം മംഗളമായി. അടിയന് ഭഗവത് കൃപയല്ലാതെ മറ്റൊന്നും ശരണമായില്ല.

ഭീമ-ജ്യേഷ്ഠാ ദയവുചെയ്തു ഇതൊന്നു നോക്കൂ. ഭഗവാന്റെ കൃപാതിരേകംകൊണ്ട് എന്റെ പുറത്തിനി ബാക്കിയില്ല.

യുധി-അമംഗളം പറയാതിരിക്കൂ. ഭഗവത്കാരുണ്യം കൊണ്ടല്ലെങ്കില്‍ നീ ഇന്നലെ ജരാസന്ധനെ വധിക്കുകയോ ഇവിടെ വന്നുനിന്ന് പൊങ്ങച്ചം പറയുകയോ ചെയ്യുമായിരുന്നില്ലെന്നോര്‍ക്കണം.

ഭീമ-കാര്യം ശരിയാ ഭഗവാന്റെ അനുഗ്രഹമില്ലായിരുന്നുവെങ്കില്‍ എന്നെക്കൊണ്ടികാര്യം സാധിക്കുമായിരുന്നില്ല. പക്ഷേ പതിനാറു ദിവസം ഞാന്‍ അനുഭവിച്ച യാതന എനിക്കല്ലേ അറിയാവൂ.

ശ്രീകൃഷ്ണന്‍-മഹാരാജാവേ! ഭീമസേനന്‍ വളരെകഷ്ടത സഹിച്ചു. അല്ലെങ്കില്‍ ഇതു നടക്കുന്ന കാര്യമേ അല്ലായിരുന്നു. എന്തായാലും കാര്യമെല്ലാം മംഗളമായി കലാശിച്ചു. ഇനിയാഗത്തിനു വേണ്ടത് സമാരംഭിക്കുതന്നെ.

യുധി-എല്ലാം അവിടുത്തെ കല്പനപ്രകാരം നടന്നു കൊള്ളാം.
ശ്രീകൃഷ്ണന്‍-ആദ്യമായി ഋത്വിക്കുകളേയും മഹര്‍ഷിമാരേയും രാജാക്കന്മാരേയും മറ്റു വിദ്വജ്ജനങ്ങളേയും ക്ഷണിക്കണം, കൂടാതെ ഓരോ കാര്യത്തിന് ഓരോരുത്തരെ പ്രത്യേകം ചുമതലപ്പെടുത്തുകയും വേണം.
യുധി-എല്ലാം അവിടുത്തെ യുക്തംപോലെതന്നെ നടക്കട്ടെ.

ശ്രീകൃഷണന്‍-രാജസൂയം പോലുള്ളവ നടക്കുമ്പോള്‍ പലദിക്കില്‍ നിന്നും ധാരാളം അതിഥികള്‍ വരാനിടയുണ്ട്. പ്രധാനമായി അവരുടെ ആഹാരാദികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടതായുണ്ട്. അതിനാല്‍ അടുക്കളയുടെ ചുമതല മുഴുവന്‍ ഞാന്‍ ഭീമസേനനെ ഏല്പിക്കുന്നു.
ഭീമ-സ്വാമിന്‍ കല്പനപോലെ

ശ്രീകൃഷ്ണന്‍-ആഹാരസാധനങ്ങളും യജ്ഞാവശ്യത്തിനുവേണ്ട ദ്രവ്യങ്ങളും സംഭരിക്കുവാന്‍ അര്‍ജ്ജുനെ ചുമതലപ്പെടുത്തുന്നു.
അര്‍ജ്ജു-അവിടുത്തെ ഇഷ്ടം അനുസരിക്കാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്.

ശ്രീകൃഷ്ണന്‍-വിലപിടിച്ച സാധനങ്ങള്‍, ധനം, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടയങ്ങിയവയുടെ സൂക്ഷിപ്പിനായി നാം ദുര്യോധനനെ നിര്‍ദ്ദേശിക്കുന്നു.
ദുര്യയ്യോ-സ്വാമിന്‍ അവിടുത്തെ ഏതാജ്ഞയും ശിരസാവഹിക്കാന്‍ ഇരയുള്ളവന്‍ എപ്പോഴും ഒരുക്കമാണ്.

ശ്രീകൃഷ്ണന്‍-അതിഥികളെ സല്‍ക്കരിക്കാനും അവരുടെ ഹിതാനുസരണം വേണ്ടത് പ്രവര്‍ത്തിക്കാനും നാം കര്‍ണ്ണനെ നിയോഗിക്കുന്നു.
കര്‍ണ്ണന്‍-എന്നെ ഭരമേല്‍പിക്കുന്നവ നാം യഥാവിധി നിര്‍വ്വഹിച്ചുകൊള്ളാം.

ശ്രീകൃഷ്ണന്‍-യജ്ഞശാലയ്ക്കു ആവശ്യം വേണ്ടവ സംഭരിച്ചു സൂക്ഷിക്കാനും യജ്ഞത്തിനു വേണ്ട യഥാകാലം കൊടുപ്പാനും മറ്റുമായി നാം സകലസഹദേവന്മാരെ ഭരമേല്പിക്കുന്നു.
നകല-സഹ-അവിടുത്തെ തിരുവുള്ളം അനുഷ്ഠിപ്പാന്‍ അടിയങ്ങള്‍ ബദ്ധശ്രദ്ധരായിരിക്കും.

എല്ലാ ചുമതലകളും ഓരോരുത്തരെ ഭരമേല്പിച്ചിട്ടു മൂന്നു ലോകത്തിലും തന്നാല്‍ ചെയ്യപ്പെടേണ്ടതായിയാതൊന്നുമില്ലാത്ത ഭഗവാന്‍ ശ്രീ നാരായണന്‍തന്നെ അതിഥികളുടെ പാദപ്രക്ഷാളനകര്‍മ്മം സ്വയം കയ്യേറ്റു.

രാജസൂയ യജ്ഞം

യുധിഷ്ഠിരമഹാരാജാവ് ധര്‍മ്മപത്‌നിസമേതനായി യാഗശാലയില്‍ പ്രവേശിക്കുന്നു. മഹര്‍ഷിമാരും, രാജാക്കന്മാരും ഋത്വിക്കുകളും മറ്റതിഥികളും മഹാരാജാവിനേയും ധര്‍മ്മപത്‌നിയേയും യഥാവിധി ഉപചരിച്ച് വേദിയില്‍ പ്രത്യേകം ഒരുക്കിയിട്ടുള്ള ഒരുയര്‍ന്ന പീഠത്തില്‍ ഉപവിഷ്ടരാക്കുന്നു.

യുധി-ആദ്യമായി ഇവിടെ നടക്കേണ്ടത് അഗ്ര്യപൂജയാണ്. അഗ്ര്യപൂജക്ക് ആരെയാണ് സ്വീകരിക്കേണ്ടതെന്ന് നിങ്ങള്‍തന്നെ നിശ്ചയിക്കണം. ഭൂരിപക്ഷാഭിപ്രായം നാം ഇക്കാര്യത്തില്‍ പരിഗണിക്കുന്നതായിരിക്കും.
സദസ്യര്‍ യാതൊരുഭിപ്രായവും പ്രകടിപ്പികാതെ മൗനം അവലംബിച്ചു.
യുധി-സ്വാഭിപ്രായം ആര്‍ക്കും പ്രകടമാക്കാവുന്നതാണ്. സംശയിച്ചിട്ടു കാര്യമില്ല

സഹ-സാക്ഷാല്‍ ശ്രീമാധവന്‍തന്നെ ഇവിടെയുള്ളപ്പോള്‍ അഗ്രൃപൂജയ്ക്കു വേറെ ആള്‍ അന്വേഷിക്കേണ്ടുതണ്ടോ? സൃഷ്ടിസ്ഥിതിസംഹാരകാരകനും സാക്ഷാല്‍ ജഗല്‍പതിയുമായ ശ്രീമന്നാരായണന്റെ പാദകമലങ്ങളില്‍ സര്‍വ്വം സമര്‍പ്പണം ചെയ്തു വന്ദിച്ചാല്‍ സമസ്തലോകത്തേയും പൂജിച്ചു ഫലമുണ്ടാകും. വൃക്ഷത്തിന്റെ ചുവടുനനച്ചാല്‍ പിന്നെ ശാഖകള്‍ തോറും പ്രത്യേകം നനയ്‌ക്കേണ്ടിവരുമോ. ശ്രീമന്നാരായണന്‍ ലക്ഷ്മീസമേതനായി ഇവിടത്തെന്ന ഉള്ളപ്പോള്‍ അദ്ദേഹത്തെയല്ലാതെ മറ്റാരേയും അഗ്ര്യസ്ഥാനത്തിരുത്തേണ്ട ആവശ്യമേ ഉദിക്കുന്നില്ല. അതിനുള്ള മഹാഭാഗ്യമല്ലേ നമുക്ക് കൈവന്നിരിക്കുന്നത്.

ശിശുപാലന്‍-ഈ സദസ്യര്‍ക്കെല്ലാം ഒരുപോലെ ഭ്രാന്തുപിടിച്ചവോ എന്നാണ് ഞാന്‍ ചോദിക്കുന്നത്. കാര്യവിവരമില്ലാത്ത ഒരു കൊച്ചന്‍ എന്തോ പറഞ്ഞതുകേട്ട് വളരെ ആഹ്‌ളാദിക്കാനെന്തുണ്ട്. വര്‍ണ്ണഭേദമോ ആചാരധര്‍മ്മാദികളോ ഇല്ലാത്തവനും യാതൊന്നിലും ഭേദമില്ലാത്തവനും സത്യശയചാദിയില്ലാത്തവനും ഗുണലേശമില്ലാത്തവനും കലഹതകനുമായ ഇവനെയാണോ പൂജിക്കേണ്ടത്? പോരെങ്കില്‍ അബ്രാഹ്മണനും സ്ത്രീഘാതകനും ഗോരസചോരനും മാതുലഘ്‌നനുമയ ഇവനാണത്രേ അഗ്ര്യപൂജയ്ക്കുകണ്ട പുണ്യശ്ലോകന്‍, വിചിത്രം! വിചിത്രം!

ഭീമ-നിറുത്ത്, ഇല്ലെങ്കില്‍ നിന്റെ നാവിനെ ഇപ്പോള്‍ തന്നെ പിഴുതെടുക്കുന്നതാണ്.
അര്‍ജ്ജൂ-ഭഗവാനേ ദുഷിക്കുന്ന ഈ നീചന്റെ കഥ ഇപ്പോള്‍ തന്നെ കഴിച്ചേക്കാം.

ശ്രീകൃഷ്ണന്‍-ഈ അവസാനനിമിഷമെങ്കിലും എന്നെ പ്രശംസിക്കാനും സ്തുതിക്കാനും തോന്നിയ ശിശുപാലന്‍ എന്റെ തൃച്ചക്രംകൊണ്ടുമാത്രം വധിക്കപ്പെടേണ്ടവനാണ്. കാരണം ഇതോടെ ഇവന്റെ അഹങ്കാരം ശമിച്ച് വൈകണ്ഠപ്രാപ്തിക്ക് അര്‍ഹനായിരിക്കുന്നു എന്നതാണ്. എന്നുപറഞ്ഞു പാണ്ഡവരെ ശിശുപാലവധോദ്യമത്തില്‍ നിന്നും പിന്‍തിരിപ്പിച്ചിട്ട് തൃച്ചക്രം കൊണ്ട് ശിശുപാലന്റെ കഴുത്തറുത്തു വൈകുണ്ഠപദം ചേര്‍ക്കുന്നു. അനന്തരം ശ്രീകൃഷ്ണനെ അഗ്ര്യസ്ഥാനത്തിരുത്തി പൂജിച്ചിട്ട് യാഗം നിര്‍വിഘ്‌നം നടത്തുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം