കാന്‍സറിനുളള മരുന്നായ ഗ്ളിവെകിന്റെ വില കുറയ്ക്കണമെന്ന് മരുന്നുകമ്പനിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു

September 13, 2012 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സ്വിസ് മരുന്നു കമ്പനിയായ നൊവര്‍ട്ടിസിനോട് കാന്‍സറിനുളള മരുന്നായ ഗ്‌ളിവെകിന്റെ വില കുറക്കുവാന്‍ സുപ്രീംകോടതി വീണ്ടും ആവശ്യപ്പെട്ടു. നിര്‍ദ്ധനരായ രോഗികള്‍ക്ക് മരുന്ന് സൌജന്യമായി നല്‍കാനുളള കമ്പനിയുടെ നയം വളരെ സങ്കീര്‍ണമാണെന്നും കോടതി നിരീക്ഷിച്ചു. കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കപ്പെടുന്ന ഇമാറ്റിനിബ് എന്ന പദാര്‍ഥം അടങ്ങിയ മരുന്നാണ് ഗ്‌ളിവെക്. എന്നാല്‍ ഗ്‌ളിവെക് ഉപയോഗിക്കാന്‍ ഒരു മാസം രോഗിക്കു വേണ്ടി ഒന്നര ലക്ഷം രൂപയോളം ചിലവാക്കണം. നൊവാര്‍ട്ടിസ് ഈ മരുന്നിനുളള പേറ്റന്റിന് അപേക്ഷിച്ചിട്ടുളളത് ഏവരും ആശങ്കയോടെയാണ് കണ്ടത്.

പേറ്റന്റ് ലഭിച്ചു കഴിഞ്ഞാല്‍ മരുന്നിന്റെ കുത്തകാവകാശം കമ്പനിക്കു സ്വന്തമാകുന്നതോടെ കമ്പനി തീരുമാനിക്കുന്ന വിലയില്‍ മരുന്നു വാങ്ങാന്‍ ജനം നിര്‍ബന്ധിതരാകും. ഗ്‌ളിവെകിന് പേറ്റന്റ് നല്‍കിയാല്‍ പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കാനുളള കമ്പനിയുടെ നയം തുടരുമോയെന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ കമ്പനിക്ക് അത്തരം യാതൊരു ഉറപ്പും നല്‍കാനാവില്ലെന്നും നിയമപരമായി അത്തരം വ്യവസ്ഥകളൊന്നും നിലവിലില്ലെന്നും നൊവാര്‍ട്ടിസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നൊവാര്‍ട്ടിസിനോട് കമ്പനിയുടെ കാന്‍സറിനുളള മരുന്നായ ഗ്‌ളിവെകിന്റെ വില കുറക്കുവാന്‍ സുപ്രീംകോടതി വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍