ഡീസലിന് അഞ്ചു രൂപ കൂട്ടി

September 14, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസലിന് അഞ്ചു രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍വരും. കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. പെട്രോള്‍, മണ്ണെണ്ണ വിലയില്‍ മാറ്റംവരുത്തിയിട്ടില്ല. പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തി. ഇപ്പോഴത്തെ നിരക്കില്‍ ഒരു വര്‍ഷം ആറു സിലിണ്ടറുകള്‍ മാത്രമാണ് ലഭിക്കുന്നത്. ആറില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമായി വന്നാല്‍ 750 രൂപയില്‍ കൂടുതല്‍ ഈടാക്കും. അതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വില വര്‍ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇടതുപക്ഷം അറിയിച്ചു. എന്നാല്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ എടുത്തുകളയാനും തീരുമാനമായി. പെട്രോളിനു ആറു രൂപ വര്‍ധിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ തീരുമാനമെടുത്തിരുന്നു.

ഡീസലിനും പെട്രോളിനും ഒരുപോലെ വില വര്‍ധിപ്പിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന തിരിച്ചറിവാണ് എക്‌സൈസ് തീരുവ എടുത്തുകളയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് യുപിഎ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സാധാരണക്കാരേയും കര്‍ഷകരേയും തൊഴിലാളികളെയും വില വര്‍ധന നേരിട്ട് ബാധിക്കുമെന്നും പ്രധാനമന്ത്രിയ്ക്കു തുടരാന്‍ യോഗ്യതയില്ലെന്നും ബിജെപി നേതാവ് ആനന്ദ് കുമാര്‍ പറഞ്ഞു. ഇതേസമയം, ഇന്ധന വില വര്‍ധനയോടു യോജിക്കുന്നില്ലെന്നും ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു.

ഇതിനിടെ വില വര്‍ധനക്കെതിരെ യുപിഎയിലെ ഘടകകക്ഷികളും രംഗത്തെത്തി. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചു. പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് മമത ബാനര്‍ജി പറഞ്ഞു. വില വര്‍ധന സംബന്ധിച്ച വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടു ആലോചിച്ചില്ലെന്നും മമത പറഞ്ഞു. രൂപാ വിലയിടിവും ക്രൂഡ് ഓയില്‍ വിലക്കയറ്റവും മൂലം എണ്ണക്കമ്പനികള്‍ക്ക് 1.88 ലക്ഷം കോടി രൂപ നഷ്ടം വരുന്നുവെന്നാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍