മുടിയേറ്റ്

September 14, 2012 സനാതനം

  • കാളിക്ഷേത്രങ്ങളിലെ അനിവാര്യമായ ഒരുത്സവച്ചടങ്ങ്

ഭൂഷണന്‍

കേരളത്തിലെ മിക്ക കാളീക്ഷേത്രങ്ങളിലും, കാളിയെ പ്രീതിപ്പെടുത്തുവാന്‍ നടത്തുന്ന ഒരു അനുഷ്ഠാന നാടകമാണ് മുടിയേറ്റ്. ഈ കര്‍മ്മത്തിന് ചില ദിക്കുകളില്‍ മുടിയെടുപ്പ് എന്നും പറഞ്ഞുവരുന്നു. ദേവീക്ഷേത്രങ്ങളില്‍ മാത്രമല്ല. കയ്യാലകള്‍ക്ക് മുന്നിലും വീടുകളിലും ഇത് നടത്താമെന്നുണ്ട്. ഇതിനു പല ചടങ്ങുകളും ഉണ്ട്. അവയെ ക്രമത്തിന് താഴെ വിവരിക്കാം.

മുടിയേറ്റിന്റെ പ്രാരംഭച്ചടങ്ങായി ‘കളമെഴുത്ത്’ ആണംഗീകരിക്കപ്പെട്ടിട്ടുള്ളത്. പ്രത്യേകം പന്തലുണ്ടെങ്കില്‍ അതിനകത്തോ അല്ലെങ്കില്‍ ശുദ്ധമായ മുറിക്കകത്തോകളമെഴുതാം. കളം എഴുതുന്നത് ഉപാസനമൂര്‍ത്തികളുടെയാവാം. മഞ്ഞപ്പൊടി, അരിപ്പൊടി, കരി, പച്ചപ്പൊടി ഇവ മാത്രം ഉപയോഗിച്ച് എഴുതുന്ന കളം, പുരാതന മനുഷ്യന്റെ കലയിലുള്ള പ്രാവീണ്യത്തെ വിളിച്ചറിയിക്കുന്നവയാണ്. ഇവ നടത്താന്‍ അധികാരികള്‍ കുറുപ്പന്മാരാണ് കളം എഴുതിക്കഴിഞ്ഞാല്‍, മൂര്‍ത്തികളെ ഉദ്ദേശിച്ചുള്ള പ്രതിഷ്ഠാപൂജയായി. ദീപാരാധനയും കഴിഞ്ഞ് കളംപൂജ നടത്തുന്നു. ഈ അവസരത്തിലാണ് കളംപാട്ടു നടത്തുന്നത്. പാട്ടിനുശേഷം തിരിയോ, ചെറിയപന്തമോ കൊളുത്തി കളത്തിലുഴിയുന്നു. ഈ ചടങ്ങിനുശേഷം കളം മായ്ക്കുന്നു. ഇത് മായ്ക്കുന്നതിനും ചില പ്രത്യേക നിബന്ധനകളുണ്ട്.

കളം മായ്ക്കല്‍ കഴിഞ്ഞാല്‍ കുറുപ്പന്മാര്‍ മുടിയേറ്റിനു വട്ടംകൂട്ടുകയായി. കഥകളിക്കാരുടെ വേഷവിധാനങ്ങളില്‍ പലതും മുടിയേറ്റിനും ആവശ്യമാണ്. (മുടിയേറ്റില്‍ നിന്ന് കഥകളി പലതും സ്വീകരിച്ചിരിക്കുന്നു എന്നതാണ് ശരി). രാവണനേയോ ദൂര്യോധനനേയോപോലെയുള്ള കത്തിവേഷമാണാദ്യം. ഇതാണ് ദാരികന്‍. എങ്കിലും കഥകളിക്കത്തിപ്പോലെ മുടിയേറ്റുകത്തി അത്ര വിസ്തരിച്ചുള്ളതല്ല. മുഖത്തുതേപ്പിന് കഥകളിയിലെപ്പോലെ പകിട്ടു തോന്നിക്കയില്ല. എങ്കിലും കിരീടവും (മുടി) ഉടുത്തുകെട്ടും എല്ലാം ഏതാണ് ഒരുപോലെതന്നെ. ഉത്തരീയം വെള്ളവസ്ത്രംകൊണ്ടുള്ളതായിരിക്കും.

കടകകങ്കണാദികള്‍ നാമമാത്രമായിരിക്കും. ഇടത്തുകയ്യിലെ കങ്കണത്തിന്നിടയില്‍ ധാരാളം തെച്ചിപ്പു തിരുകിയിരിക്കും. ഉടത്തുകെട്ടിനെ കൂടുതല്‍ അപഗ്രഥിച്ചുനോക്കുമ്പോള്‍ ചാക്യാരുടെ ഉടുത്തുകെട്ടിനെ സാരമായി സാമ്യപ്പെടുത്തുന്നുണ്ടെന്ന് മനസ്സിലാക്കാം. ചുരുക്കത്തില്‍ ദാരികന്റെവേഷം കഴുത്തിനു താഴോട്ട് ചാക്യാരുടെ വേഷത്തോടും. കഴുത്തിനു മുകളിലോട്ടു കഥകളിവേഷത്തോടും സാദൃശ്യമുണ്ടെന്ന് മനസ്സിലാക്കാം. പരിചയും ചേര്‍ന്നാല്‍ കോയിമ്പടനായരായി. വേതാളത്തിന്റെ വേഷം പച്ചിലയും പടലും കുറെ തുണിയും കരിയും ഉണ്ടെങ്കില്‍ പൂര്‍ത്തിയാക്കത്തക്കതരത്തിലാണ്. കാളിയുടെ സഹചാരികളായ കൂളികള്‍ക്ക് പ്രത്യേക വേഷമൊന്നും ഇല്ല.
ഈ ചടങ്ങിന്റെ അരങ്ങിന്റെ കാര്യമാണെങ്കില്‍ അത് വലിയ വിശേഷമായൊന്നും വേണ്ട. വിശാലമായ മുറ്റത്ത് ഒരു വലിയ നിലവിളക്ക് കത്തിച്ചു വച്ച കഴിഞ്ഞാല്‍ അരങ്ങൊരുക്കം തീര്‍ന്നു.രണ്ടു ചെണ്ട, ഒരു വലംതലച്ചെണ്ട ഇലത്താളം ഇത്രയും കൊണ്ട് മേളത്തിന്റെ കാര്യംതീര്‍ന്നു. ഇവര്‍ വിളക്കിനു പിന്നിലാണ് നില്കുന്നത്. ഇത്രയും ആയാല്‍ മുടിയേറ്റു തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നു പറയാം.

രംഗത്തു കേളി എന്ന ചടങ്ങ് നടത്തുന്നതോടുകൂടി മുടിയേറ്റു ആരംഭിക്കുകയായി. പുറകില്‍നിന്ന് ആളുകള്‍ (മേളക്കാര്‍) രാഗം ആലപിക്കുന്നതോടുകൂടി ‘അരങ്ങുവാഴ്ത്തലെ’ ന്ന കര്‍മ്മം നടത്തുന്നു.  കവിതതുളുമ്പുന്ന ഒരു പാട്ട് ഗാനമാധുരികലര്‍ത്താതെ തകിച്ചും പരുക്കന്‍സ്വരത്തില്‍ അസ്പഷ്ടമായി ചൊല്ലുന്നതു കേള്‍ക്കാം. അരങ്ങുവാഴ്ത്തലോടെ തിരിശ്ശീല പിടിക്കുന്നു. ആദ്യം ശിവന്റേയും നാരദന്റേയും പുറപ്പാടാണ്. തിരശ്ശീലക്ക് പിന്നില്‍ വൃക്ഷഭവാഹനനായ ശിവന്‍ പ്രതൃക്ഷപ്പെടുന്നു. ഈ അവസരത്തില്‍ നാരദന്‍ തിരശ്ശീലയ്ക്കു മുന്നില്‍ വന്ന് ശിവനെ നമസ്‌ക്കരിക്കുന്നു. ശിവന്‍ ഒട്ടും സംസാരിക്കാതെ അവിടെ നിലകൊള്ളും എന്നാല്‍ നാരദന്‍ കയ്യിലിരിക്കുന്ന കുരുത്തോലയില്‍ (വാറോല വായിക്കുക എന്ന  പഴയ വിചാരിപ്പുസമ്പ്രദായത്തെ അനുസ്മരിക്കുന്നു ഈ ചടങ്ങ്) നോക്കി തന്റെ ഭാഗം പാടുന്നു. ശിവന്റെ ഭാഗം പിന്നയിലിലുള്ള പാട്ടുകാരും നാരദന്‍ തന്റെ ഭാഗം തനിച്ചും പാടുന്നു. ഇങ്ങനെ കുറെ സമയം നില്ക്കും ഈ രംഗം.

അടുത്തരംഗം ദാരികന്റെ പുറപ്പാടാണ്. കഥകളിയിലെപ്പോലെ തിരനോട്ടം ഇതിനും ഉണ്ട്. ഇരുകയ്യിലും ചുരികക്കോല്‍ ധരിച്ചിരിക്കും ദാരികന്‍, തിരനോട്ടം, ഒന്നല്ല, മൂന്നാണ്. പിന്നീട് തിരശ്ശീല നീക്കുന്നു. ഏതാനും പതങ്ങളാടിയശേഷം ദാരികനൊരു പീഠത്തിലിരിക്കുന്നു. തന്റെ ഇടത്തുകയ്യിലെ കങ്കണത്തിനിടയില്‍ തിരുകിയിരിക്കുന്നു. തന്റെ ഇടത്തുകയ്യിലെ കങ്കണത്തിനിടയില്‍ തിരുകിയിരിക്കുന്ന പൂക്കളെടുത്ത് മാനസപൂജനടത്തുന്നു. വീണ്ടും എഴുന്നേറ്റ് ഉത്തരീയം കയ്യില്‍ പിടിച്ചുകൊണ്ട് നൃത്തം വയ്ക്കുന്നു. അല്പം കഴിഞ്ഞ് ആയുധനേട്ടം നടത്തുന്നു. ഈയവസരത്തിലൊക്കെ നടന്റെ മുമ്പില്‍ രണ്ടു വലിയ കത്തിച്ച പന്തങ്ങള്‍ പിടിച്ചകൊണ്ടിരിക്കുന്നതായികണ്ടിട്ടുണ്ട്. ഇത് രംഗത്തിന് ഭീകരതസൃഷ്ടിക്കാനായിരിക്കാം എന്നു തോന്നുന്നു ദാരികന്‍ തുടര്‍ന്ന് പോരിനുവിളിക്കുന്നു. ദാരികന് വാചികാഭിനയവും അനുവദനീയമാക്കിയിട്ടുണ്ട്. അങ്ങനെ ആ രംഗവും അവസാനിക്കുന്നു.

അടുത്തരംഗം കാളിയുടെ പുറപ്പാടോടുകൂടി ആരംഭിക്കുന്നു വേഷമണിഞ്ഞ നടന്‍ ക്ഷേത്രത്തിനു മുന്നില്‍വന്നു നില്കുമ്പോള്‍ മേളക്കാരും കൂളികളുംകൂടി അന്തരീക്ഷം ശബ്ദായമാനമാക്കുന്നു. കത്തിച്ചു പന്തവും തെള്ളിയേറും വലിയ അലര്‍ച്ചയും കൊണ്ട് രംഗം ഭീകരമാക്കുന്നു. കാളിയുടെ കയ്യില്‍ ഒരു വാള്‍ ഉണ്ടായിരിക്കും. ശബ്ദകോലാഹലം കൊണ്ട് കാളിക്ക് കലികയറുന്നു. ഈ കലി….കുറെ സമയം നീണ്ടുനല്‍ക്കുന്നു. …. പീന്നീട് പോര്‍വിളിയും ആയുധനോട്ടവും നടക്കുന്നു. കാളി പോര്‍വിളിക്കുമ്പോള്‍ അകലെ മറഞ്ഞു നില്‍കുന്ന ദാരികന്‍ മറുപടി പറയുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണം ഏറെ സമയം നീണ്ടുനില്‍ക്കുന്നു…. പിന്നീട് പുറപ്പാട് നടക്കുന്നത് കോയിപിടനായരുടെതാണ്. ഈ രംഗം തികച്ചും രംഗവാസികള്‍ക്ക് സന്തോഷം പകരുന്നതിന് വേണ്ടിമാത്രമാണ്.

കോയിമ്പിടനായരുടെ രംഗപ്രവേശനവേളയില്‍ കാളിമുടിയഴിച്ച് പീഠത്തിലിരിക്കും… അരങ്ങുവാഴ്ത്തി കോയിമ്പിടനായര്‍ മറയുമ്പോള്‍ കാളി മുടിമുറുക്കി രംഗത്ത് എത്തുന്നു. ദാനവന്‍, ദാരികന്‍, ഭൂതം (വേതാളം കാളിയുടെ വാഹനം) ഇവര്‍ തിരശ്ശീലക്കുള്ളില്‍ തിരനോട്ടം നട്തതുന്നു, വേതാളത്തിന് വിദൂഷകവേഷമാണുള്ളത്.

അഭിനയപ്രധാനമായ ഒരു രംഗമാണ് കാളിയും ദാരികനും ആയി കണ്ടുമുട്ടുന്നത് (ഏറ്റുമുട്ടുന്നത്). കാളി ദാരികനെ വെട്ടുന്നു…. ദാരികന്‍ തിരയ്ക്കകത്തു മറയുന്നു ഇങ്ങനെ ഒന്നുരണ്ടുതവണ സംഭവിക്കുന്നു. ദാരികനെ വധിക്കാന്‍ സാധിക്കാതെ വരുന്നതില്‍ കാളി കോപാവേശയായിത്തീരുന്നു. കാളിക്കു കാലികൊള്ളുന്നു. തുടര്‍ന്ന് കാളി ഒറ്റക്കാലില്‍ നൃത്തം വയ്ക്കുവാന്‍ തുടങ്ങുന്നു അല്പം കഴിഞ്ഞ് കാളിദാരികന്റെ മുടിയുമായി രംഗത്തുവരുന്നു. മുടിയെടുത്തുവരുമ്പോള്‍ കാളി ദാരികന്റെ മുടി (കിരീടം) എടുക്കുന്നതോടുകൂടി കഥയവസാനിക്കുന്നു ഇതിനാണ് മുടിയേറ്റ് അഥവാ മുടിയെടുപ്പ് എന്നു പറയുന്നത്.

ഈ ചടങ്ങ് ദേവീക്ഷേത്രങ്ങളില്‍ നടത്തി വരുന്നുണ്ട്. എങ്കിലും പണ്ടുകാലത്ത് നടന്നു വന്നിരുന്നതുപോലുള്ള പ്രാധാന്യം ഇതിനു ജനങ്ങള്‍ കല്പിക്കുന്നില്ല. പരിഷ്‌ക്കാരം കൂടി വരുന്നതുകൊണ്ടായിരിക്കാം. ഇങ്ങനെ എത്രയെത്രകലകളാണ് (ഹൈന്ദവരുടെ) ദിനംപ്രതി നാമാവിശേഷമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതുപോലുള്ള ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം കൊടുത്തില്ല എങ്കില്‍ ഇവയെല്ലാം ഏറെത്താമസിയാതെ നശിച്ചുപോകുമെന്നുള്ളത്. സത്യം അതു സംഭവിച്ചുകഴിഞ്ഞ് അതിനെപ്പറ്റി പശ്ചാത്തപിച്ചിട്ടു കാര്യവുമില്ലാതായിത്തീരും. ഇതു മനസ്സിലാവുന്നകാലം ഇനിയെന്നുണ്ടാവുമോ?…

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം