ഡീസല്‍ വില വര്‍ദ്ധനവ്: നാളെ ഹര്‍ത്താല്‍

September 14, 2012 കേരളം

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാടെങ്ങും പ്രതിഷേധം ശക്തമായി. ദേശീയ തലത്തില്‍ ബിജെപിയും ഇടതുപാര്‍ട്ടികളും ശക്തമായ പ്രക്ഷോഭത്തിനാണ് തയാറെടുക്കുന്നത്. കേരളത്തില്‍ നാളെ ഹര്‍ത്താലിന് ബിജെപിയും ഇടതു പാര്‍ട്ടികളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.

ഡീസല്‍ വിലവര്‍ധന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും പിണറായി പറഞ്ഞു. ശനിയാഴ്ചത്തെ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാനും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. നാളെ സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

അതേസമയം ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ എമേര്‍ജിങ് കേരളയിലെ ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സംരംഭകര്‍ മടങ്ങി തുടങ്ങി. നിക്ഷേപക സംഗമത്തിനു ശേഷം കേരളം ചുറ്റിയടിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചാണ് പല വിദേശീയരും മടങ്ങുന്നത്. വിലവര്‍ധനയ്‌ക്കെതിരെ കേരളത്തില്‍ നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ഇടതുപക്ഷവും ബിജെപിയും ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് പിഎസ്‌സി നാളെ നടത്താനിരുന്ന   എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹര്‍ത്താലിനെ തുടര്‍ന്നാണു പരീക്ഷകള്‍ മാറ്റി വച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം