സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാന്‍ കോടതി ഉത്തരവ്

September 15, 2012 കേരളം

കൊച്ചി: സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ഉയര്‍ന്ന ശമ്പളം നല്‍കാനും കോടതി ഉത്തരവിട്ടു. കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി.ക്കായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഉയര്‍ന്ന ശമ്പളം രേഖകളില്‍ മാത്രമാക്കി കുറഞ്ഞ ശമ്പളം നല്‍കുന്ന രീതി തുടര്‍ന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും പ്രിന്‍സിപ്പലിനും എതിരെ കേസ് എടുക്കാമെന്നും സ്‌കൂളിന്റെ എന്‍.ഒ.സി. റദ്ദാക്കാമെന്നും കോടതി വ്യക്തമാക്കി.

എന്‍.ഒ.സി. വ്യവസ്ഥയ്‌ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ 47 ഹര്‍ജികള്‍ അനുവദിച്ചുകൊണ്ടും വ്യവസ്ഥ നടപ്പാക്കുന്നത് സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടുമാണ് ഉത്തരവ്. സംസ്ഥാനത്ത് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അനുമതിക്ക് പുതുക്കിയ വ്യവസ്ഥകള്‍ ബാധകമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 2011 ഒക്ടോബര്‍ 7ന് കൊണ്ടുവന്ന ഉത്തരവിലെ വ്യവസ്ഥകളാണ് ചോദ്യം ചെയ്യപ്പെട്ടത്.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍20,000 രുപ, സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍15,000 രൂപ, െ്രെപമറി അധ്യാപകന്‍10,000 രൂപ, ക്ലര്‍ക്ക് 6,000 രൂപ, പ്യൂണ്‍4,500 രൂപ എന്നിങ്ങനെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന ശമ്പളം. ഇത് ഉടന്‍ നല്‍കണം. കേന്ദ്ര സിലബസിലുള്ള അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഉയര്‍ന്ന ശമ്പളം നിശ്ചയിച്ചു നല്‍കും വരെ ഈ ശമ്പളം നല്‍കണം.

നിലവില്‍ അപേക്ഷ നല്‍കിയ സ്‌കൂളുകള്‍ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് എന്‍.ഒ.സി. നല്‍കണം. സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യവും വേണ്ടത്ര അധ്യാപകരും ഉണ്ടെന്ന് ഉറപ്പാക്കണം. വിദ്യാഭ്യാസ ആവശ്യം പരിഗണിക്കുമ്പോള്‍, സംസ്ഥാന സിലബസിലെ ഗവ., എയ്ഡഡ് സ്‌കൂളുകള്‍ അടുത്തുണ്ടെങ്കില്‍ പോലും അക്കാര്യം അനുമതി നിഷേധിക്കാനുള്ള കാരണമായി കണക്കാക്കേണ്ടതില്ല. എന്നാല്‍ കേന്ദ്ര സിലബസിലുള്ള സ്‌കൂളുകള്‍ അടുത്തുണ്ടെങ്കില്‍ പുതിയ സ്‌കൂളില്‍ വേണ്ടത്ര വിദ്യാര്‍ഥികള്‍ ഉണ്ടോ എന്ന് പരിഗണിക്കണം. ഒരേ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കൂടുന്നതിന്റെ പേരില്‍ പഠന നിലവാരം കുറയുന്നതും തടയാമെന്നാണ് കോടതി വിലയിരുത്തി. കൂടുതല്‍ സ്‌കൂളുകള്‍ വരുമ്പോള്‍ തലവരിപ്പണം ഉയരുന്നത് ഒഴിവാക്കേണ്ട സാഹചര്യം താനേ വന്നുചേരും.

സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനു വേണ്ടി അഡ്വ. എ.എന്‍. രാജന്‍ ബാബുവും വിവിധ സ്‌കൂളുകള്‍ക്കുവേണ്ടി ഇബ്രാഹിം ഖാന്‍, ബിനോയ് തോമസ്, മോഹന്‍ ജേക്കബ് ജോര്‍ജ്, ഹരിദാസ് തുടങ്ങിയവരും ഹാജരായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം