ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതു പരിസ്ഥിതിക്കു ഗുണകരം: പി.ജെ.കുര്യന്‍

September 16, 2012 കേരളം

തിരുവനന്തപുരം: വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന നെല്‍വയല്‍ നികത്തി ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതു പരിസ്ഥിതിക്കു ഗുണകരമാണെന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍. പ്രസ്ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ള വിദേശ മലയാളികള്‍ യാത്രയ്ക്കായി തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ഭാഗത്തുനിന്നു നൂറുകണക്കിനു കാറുകളാണു വിമാനത്താവളങ്ങളിലേക്കു ദിനംപ്രതി സഞ്ചരിക്കുന്നത്. ഇന്ധനനഷ്ടവും ഇതുണ്ടാക്കുന്ന പ്രകൃതി മലിനീകരണവും കണക്കാക്കുമ്പോള്‍ കൃഷി ചെയ്യാതെ കിടക്കുന്ന 500 ഏക്കര്‍ വയല്‍ നികത്തി ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന പക്ഷക്കാരനാണു താന്‍. വിദേശമലയാളികളുടെ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇതിലൂടെ ഒഴിവാക്കാം. പ്രദേശത്തിന്റെ വികസനവും സാധ്യമാകും. പരിസ്ഥിതിവാദികള്‍ ഇക്കാര്യം വിശദമായി പഠിക്കണമെന്നാണു തന്റെ പക്ഷമെന്നും പി.ജെ.കുര്യന്‍ പറഞ്ഞു.

കൃഷിക്കു വേണ്ടി വാദിക്കുകയും നാട്ടിലുള്ള കൃഷി സ്ഥലം വിറ്റു തിരുവനന്തപുരത്തു വന്നു താമസിക്കുകയുമാണു ചില പരിസ്ഥിതിവാദികള്‍ ചെയ്യുന്നത്. ഗ്രാമങ്ങളില്‍നിന്നു പട്ടണങ്ങളില്‍ വന്നു താമസിച്ചു ഗ്രാമീണതയെക്കുറിച്ചു പറയാന്‍ ഇവര്‍ക്ക് അര്‍ഹതയില്ല. വ്യക്തിപരമായി ആരേയും ഉദ്ദേശിച്ചല്ല ഇക്കാര്യം പറയുന്നത്.

നെല്‍കൃഷി ചെയ്യുന്നിടത്ത് അതിനേക്കാള്‍ മെച്ചമായ കാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ മികച്ചതു തെരഞ്ഞെടുക്കണമെന്നാണു തന്റെ അഭിപ്രായമെന്നു ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് അലുവാലിയയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി കുര്യന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം