ടി.പി. കേളു നമ്പ്യാര്‍ അന്തരിച്ചു

September 17, 2012 കേരളം

കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ അന്തരിച്ചു. എറണാകുളം കാരിക്കാമുറി റോഡിലെ ‘അനാമിക’ വീട്ടില്‍ പകല്‍ മൂന്നരയോടെയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച 12ന് രവിപുരം ശ്മശാനത്തില്‍ നടക്കും.

ഭരണഘടനാ വിദഗ്ധനെന്ന നിലയിലും നിയമ അധ്യാപകനെന്ന നിലയിലും മികവു തളിയിച്ചയാളാണ് അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, തമ്പാന്‍ തോമസ് തുടങ്ങിയവര്‍ നമ്പ്യാരുടെ വിദ്യാര്‍ഥികളായിരുന്നു. കാല്‍നൂറ്റാണ്ടോളം അഭിഭാഷകരുടെ അച്ചടക്കസമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനം വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കെല്‍ട്രോണ്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ചു. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്നു.

നിയമത്തിലെയും ഭരണഘടനയുടെയും സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മന്ത്രി കെ ബാബു, കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ജസ്റ്റിസുമാരായ പി കെ ഷംസുദ്ദീന്‍, കെ നാരായണകുറുപ്പ്, അഡ്വ. എം കെ ദാമോദരന്‍, ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര, പ്രൊഫ. എം അച്യുതന്‍ തുടങ്ങി ഒട്ടേറെ പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. അഭിഭാഷകപരിഷത്ത് ദേശീയ സമിതിയംഗം അഡ്വ. എന്‍. നഗരേഷ് അനുശോചിച്ചു.

അച്യുതന്‍നമ്പ്യാരുടെ മകള്‍ ഡോ. ഹേമലതയാണ് ഭാര്യ. മക്കള്‍: ചന്ദ്രമോഹന്‍(പാലക്കാട്), ശ്യാമള(പാലക്കാട്), രാധിക(മുബൈ). മരുമക്കള്‍: ഗീത മോഹന്‍(പാലക്കാട്), വിനോദ്കുമാര്‍ (പാലക്കാട്), നന്ദകുമാര്‍(മുബൈ). സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍(അഭിഭാഷകന്‍, ഊട്ടി) യശോദ, സരോജിനി, വേലായുധന്‍ നമ്പ്യാര്‍, പരേതരായ ജാനകി, ഗോപാലന്‍ നമ്പ്യാര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം