സൗദിയില്‍ വാഹനാപകടം; നാല് മലയാളികളടക്കം 13 മരണം

September 17, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ദമാം: സൗദി അറേബ്യയിലെ അല്‍-ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം 13 തൊഴിലാളികള്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. ടയര്‍ ഊരിതെറിച്ച ടാങ്കര്‍ എതിരേ വന്ന, തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. ജുബൈല്‍ നഗരത്തില്‍ നിന്നും 20 കി.മീ അകലെ അസീസ് സിഗ്നലിന് സമീപം അബുഹൈദരിയ റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പെരുങ്കുളത്തില്‍ യാക്കൂബ്, പെരുങ്കുളത്തില്‍ അടിവാരം കോട്ടവാലയ്ക്കല്‍ അബ്ദുള്‍ അസീസ്, കോഴിക്കോട് കുന്ദമംഗലം മേലേചെരുവിളത്ത് സലീം, കൊല്ലം കൊട്ടിയം മയ്യനാട് ചേനവിള വീട്ടില്‍ ജയദേവന്‍ എന്നിവരാണ് മരിച്ചത്. ജുബൈല്‍ വ്യവസായ മേഖലയില്‍, പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നാസര്‍ അല്‍ ഹാജ്രി കമ്പനിയുടെ ബസാണ് അപകടത്തില്‍ പെട്ടത്. ഈ കമ്പനിയിലെ തൊഴിലാളികളിലേറെയും മലയാളികളും നേപ്പാളികളുമാണ്. ദലീമിലെ ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ മുന്‍ഭാഗത്തിരുന്ന തൊഴിലാളികളാണ് മരിച്ചത്. പിന്‍ഭാഗത്ത് ഇരുന്നവര്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്തുകടക്കുകയായിരുന്നു.

പരിക്കേറ്റവരെ ജുബൈലിലെ അല്‍ മുവാസാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ 29 പേരില്‍ നാലു പേരുടെ നില ഗുരുതരമാണ്. രാസ വസ്തുക്കളുമായി പോയ ട്രെയിലറാണ് ചക്രം ഊരി തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞത്. അപകടം നടന്ന ഉടന്‍ തന്നെ വാഹനത്തിന് തീ പിടിക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു. ബസ് പൂര്‍ണമായും കത്തി നശിച്ചു. മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ ഏറെ നേരം കഴിഞ്ഞാണ് മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. മറ്റുതൊഴിലാളികല്‍ നല്‍കിയ വിവരമനുസരിച്ചാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍