ഡീസല്‍ വിലവര്‍ദ്ധന: കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍

September 18, 2012 കേരളം

തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയിലായി‍. ഡീസല്‍ വില വര്‍ധനയ്ക്കു മുമ്പ് മാസം 58 കോടി രൂപയ്ക്കാണ് ഡീസല്‍ വാങ്ങിയിരുന്നത്. ഡീസലിന്റെ വില അഞ്ചു രൂപ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയതോടെ ഡീസല്‍ വാങ്ങുന്നതിനായി ഏഴു കോടി രൂപ അധികബാധ്യത വന്നുചേര്‍ന്നിരിക്കയാണ്.  പ്രവര്‍ത്തന നഷ്ടം കാരണം പൂട്ടേണ്ട അവസ്ഥയിലെത്തിയപ്പോഴാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഇതു കാരണം സ്ഥിതി അല്‍പം മെച്ചപ്പെട്ടു വന്നപ്പോഴാണ് വീണ്ടും ഇരുട്ടടിയായി ഡീസല്‍ വില വര്‍ധനയുണ്ടായിരിക്കുന്നത്.

ഇപ്പോഴത്തെ അവസ്ഥയില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ കോര്‍പറേഷന്റെ അവസ്ഥ ദയനീയമാകും. അടുത്തിടെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ അതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം.പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ മാസംതോറും കടം വാങ്ങുന്ന കെഎസ്ആര്‍ടിസിയുടെ നടുവൊടിച്ചിരിക്കുകയാണ് ഇപ്പോഴത്തെ വിലവര്‍ധന. സ്വകാര്യ ബസുടമകളും ലോറി ഉടമകളും സമരവുമായി രംഗത്ത് എത്തിയ സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധന കാര്യത്തില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുത്തേക്കും. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി വരുന്നത്. മാസം ശരാശരി 58 കോടി രൂപയ്ക്കാണ് കെഎസ്ആര്‍ ടിസി ഡീസല്‍ വാങ്ങുന്നത്.

ഈ മാസം മുതല്‍ ഇതിനായി ഇനി 65 കോടി രൂപ കണ്ടെത്തണം. ഇതു കൂടാതെ പെന്‍ഷനു വേണ്ടി 37 കോടി രൂപയും ശമ്പളത്തിനായി 42 കോടി രൂപയും വേണം. ഒരു മാസം ലഭിക്കുന്ന വരുമാനം 120നും 130 കോടിക്കും ഇടയിലാണ്.

ഡീസല്‍,ശമ്പളം പെന്‍ഷന്‍,ബസുകളുടെ അറ്റകുറ്റപ്പണി,ടയര്‍, വായ്പ എടുത്തതിന്റെ പലിശ എന്നിവയ്ക്കായി മാസം 190 കോടി രൂപ വേണം. മാസം 60 കോടി രൂപ നഷ്ടത്തിലാണ് ഇപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സി പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം എടുക്കാത്ത അവസരത്തിലാണ് ഡീസല്‍ വില വര്‍ധനയിലൂടെ കെ.എസ്.ആര്‍.ടി.സി.യുടെ തലയില്‍ വീണ്ടും അമിതഭാരം വന്നുവീണത്. നടുവൊടിയാതെ കെ.എസ്.ആര്‍.ടി.സി താങ്ങിനിര്‍ത്താന്‍ ഒന്നുകില്‍ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം അല്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം. ഇതിലേതെങ്കിലും ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി മാനേജുമെന്റ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം