ശ്രീകൃഷ്ണഭഗവാന്റെ സ്വര്‍ഗ്ഗാരോഹണം

September 18, 2012 സനാതനം

വി. വേണുഗോപാല്‍
ഒരു സന്ധ്യാസമയം യുദകുലവംശത്തില്‍പ്പെട്ട കുറെ പേര്‍ വഴിയരികില്‍ നോക്കിനില്‍കുകയാണ്. ദൂരെനിന്നും പരാശരന്‍ എന്ന മഹര്‍ഷിശിഷ്യരോടുകൂടി വരുന്നു. മഹര്‍ഷി വരുന്നതു കണ്ടപ്പോള്‍ അവര്‍ ഓടിപ്പോയി. അവരില്‍ ഒരുവനെ ഒരു സ്ത്രീയുടെ വേഷം കെട്ടിച്ച് ആദ്യം നിന്നിരുന്ന സ്ഥലത്തു നിര്‍ത്തി മഹര്‍ഷിയും ശിഷ്യരും അവരുടെ അടുത്തു വന്നു, അവരില്‍ തലവന്‍ സ്ത്രീയെ ചൂണ്ടിക്കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു.

നിങ്ങള്‍ വലിയ ഈശ്വരഭക്തിയുള്ളവരാണല്ലോ? എന്നാല്‍ ഇവള്‍ പ്രസവിക്കുന്നതു ആണ്‍കുഞ്ഞിനെയാണോ അതോ പെണ്‍കുഞ്ഞിനെയാണോ എന്നു പറയൂ.

ഉടനെ മഹര്‍ഷി ശാന്തസ്വരത്തില്‍ പറഞ്ഞു:-

ഇവള്‍ പ്രസവിക്കുന്നത് ഒരു ഇരുമ്പുലക്കയാണ്, അതുകൊണ്ട് നിങ്ങളുടെ വംശം നശിക്കും.

ഇതു കേട്ടപ്പോള്‍ അവര്‍ ഒന്നു ഞെട്ടി. മഹര്‍ഷിയും ശിഷ്യരും പോയിക്കഴിഞ്ഞപ്പോള്‍ അവരുടെ തലവന്‍ പറഞ്ഞു:-

എന്താണുപേടിക്കാനുള്ളത്: പുരുഷന്‍ പ്രസവിക്കുകയില്ലല്ലോ? അഥവാ പ്രസവിക്കുകയാണെങ്കില്‍ ആ ഇരുമ്പുലക്ക ആരംകൊണ്ടു രാകി പൊടിയാക്കി ആ പൊടി മുഴുവനും നമുക്ക് കടലില്‍ കളയണം. പിന്നെ എന്തിനു പേടിക്കുന്നു, അവര്‍ അവിടെനിന്നും പോയി.
പത്തു മാസം കഴിഞ്ഞപ്പോള്‍ സ്ത്രീയായി വേഷം കെട്ടിയവന്‍ പ്രസവവേദനകൊണ്ട് ഓടിത്തുടങ്ങി. അവസാനം ഒരു ഇരുമ്പുലക്കയെ പ്രസവിക്കുകയും ചെയ്തു. അവര്‍ അത് അരം കൊണ്ട് രാകി പൊടിയാക്കി. ഒടുവില്‍ തീരെ ചെറിയ ഒരു കഷണം അവശേഷിച്ചു. അതും ഇരുമ്പുപൊടിയും അവര്‍ കടലില്‍ കളഞ്ഞു. അവര്‍ അങ്ങനെ സന്തോഷിച്ചിരുന്നു.

അടുത്തു ഒരു ദിവസം രാത്രിയില്‍ വലിയ കാറ്റും മഴയും ഉണ്ടായി. കടല്‍ ഭയങ്കരമായി ക്ഷോഭിച്ചു. തിരമാലകളാല്‍ ആ ഇരുമ്പുപൊടിയും ഇരുമ്പിന്‍ കഷണവും എല്ലാം കരയ്ക്കടുത്തു. ക്രമേണ് ഇരുമ്പുപൊടികളെല്ലാം അമ്പുപോലെ കൂര്‍ത്ത പുല്ലുകളായി വളര്‍ന്നു. ആ ചെറിയ ഇരുമ്പിന്‍കഷണം അതുവഴി വന്ന ഒരു വേടനു കിട്ടി. ആ വേടന്‍ അതുകൊണ്ട് ഒരു അമ്പുണ്ടാക്കി.

ഒരു ദിവസം യദുകുലവംശത്തില്‍പെട്ടവര്‍ സംസാരിച്ചുകൊണ്ട് കടല്‍ക്കരയില്‍ എത്തി. അവരുടെ സംഭാഷണം കലഹത്തില്‍ കലാശിച്ചു. കലഹം മൂത്തപ്പോള്‍ അമ്പുപോലെ കൂര്‍ത്ത പുല്ലുകള്‍ പറിച്ച് അവര്‍ തമ്മില്‍ത്തമ്മില്‍ എറിഞ്ഞു. അവര്‍ എല്ലാവരും അങ്ങനെ മരിച്ചു. കര്‍മ്മഫലം.

അന്നുതന്നെ മേല്‍പ്പറഞ്ഞ വേടന്‍ – ആ ചെറിയ ഇരുമ്പുകഷണം കൊണ്ട് അമ്പുണ്ടാക്കിയ വേടന്‍ – വേട്ടയാടുന്നതിനായി അടുത്തുള്ള വനത്തില്‍ പ്രവേശിച്ചു. അതേ വനത്തില്‍ ശ്രീകൃഷ്ണഭഗവാന്‍ യോഗനിഷ്ഠയില്‍ നിദ്ര ചെയ്തിരുന്നത് ആരും അറിഞ്ഞിരുന്നില്ല. ശ്രീകൃഷ്ണഭഗവാന്‍ യദുകുലത്തില്‍ ആണല്ലോ അവതരിച്ചത്. ഭഗവാന്റെ കാലിലെ പെരുവിരല്‍ ചലിച്ചുകൊണ്ടിരുന്നു. അത് വേടന്‍ കണ്ടു. ഒരു പക്ഷിയാണെന്നു വിചാരിച്ച് ഇരുമ്പുകഷണം കൊണ്ടുണ്ടാക്കിയ അമ്പ് തൊടുത്തുവിട്ടശേഷം വേടന്‍ അമ്പയച്ച സ്ഥലത്തേക്ക് പാഞ്ഞെത്തി. ഭഗവാന്റെ പെരുവിരലില്‍ അമ്പുതറച്ചിരിക്കുന്നതായി കണ്ട് അയാള്‍ ഞെട്ടിപ്പോയി. ഭയഭക്തിബഹുമാനത്തോടുകൂടി വേടന്‍ ഭഗവാനോടു മാപ്പിരുന്നു.

ശ്രീകൃഷ്ണഭഗവാന്‍ വേടനെ ഇങ്ങനെ സമാധാനപ്പെടുത്തി ‘ശ്രീരാമാവതാരകാലത്ത് ഞാന്‍ ഒളിയമ്പയച്ച് നിഗ്രഹിച്ച ആ ബാലികയാണ് ഈ ജന്മത്തില്‍ വേടനായിത്തീര്‍ന്ന നീ.

കര്‍മ്മഫലം അനുഭവിക്കാതെ തരമില്ല
‘താന്താന്‍ നിരന്തരം ചെയ്യുന്നതൊക്കെയും
താന്താന്‍ അനുഭവിച്ചീടുകെന്നേ വരു!’
അതുകൊണ്ട് നീ ദുഃഖിക്കേണ്ട, നിനക്കു നന്മവരട്ടെ!!!

എന്നു ഭഗവാന്‍ വേടനെ അനുഗ്രഹിച്ചിട്ട് സ്വര്‍ഗ്ഗാരോഹണം ചെയ്തു.

ഗുണപാഠം –

1. അഹങ്കാരം അരുത്,
2. സത്യമേ പറയാവൂ
3. വിധിയെ തടുക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല

കുട്ടികളായ നമ്മള്‍ സത്യമേ പറയാവൂ, അഹങ്കരിക്കരുത്
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം