മത്തഗജം

September 19, 2012 സനാതനം

സുദര്‍ശന്‍

‘ശരത് കാലത്തെ ശൂന്യമേഘത്തോട് ചാതകം യാചിയ്ക്കാറില്ലല്ലോ? അങ്ങേക്ക് മംഗളം ഭവിയ്ക്കട്ടെ’ ഇത്രയും അരുള്‍ചെയ്തിട്ടു മടങ്ങിപ്പോകാന്‍ ആ മഹര്‍ഷിശിഷ്യന്‍ ആരംഭിച്ചു.

രാജാവ് അദ്ദേഹത്തെ തടഞ്ഞു. ഗുരുദക്ഷിണയ്ക്കു വേണ്ട തുക അറിയുവാന്‍ ജിജ്ഞാസപ്രകടിപ്പിച്ചു. ആ മഹര്‍ഷി ശിഷ്യന്‍ തുടര്‍ന്നു –
‘വിദ്യകള്‍ മുഴുവന്‍ അഭ്യസിച്ചശേഷം ഗുരുദക്ഷിണ എന്തുവേണമെന്ന് ഞാന്‍ ഗുരുവിനോട് ചോദിച്ചു.  അദ്ദേഹം എന്റെ അഖണ്ഡമായ ഭക്തികൊണ്ടു തന്നെ തൃപ്തനായിരുന്നു. എന്റെ നിര്‍ബ്ബന്ധം അദ്ദേഹത്തെ ക്രൂദ്ധനാക്കി. പഠിപ്പിച്ച വിദ്യകളുടെ എണ്ണമനുസരിച്ച് പതിനാലുകോടി ധനം കൊണ്ടുവരുവാന്‍ ആജ്ഞാപിച്ചു. അതിഥിപൂജക്ക് അങ്ങ് ഉപയോഗിച്ച പാത്രങ്ങളില്‍ നിന്നും തന്നെ അങ്ങയുടെ സമ്പത്തിന്റെ ശക്തി ഞാന്‍ ഊഹിച്ചു….മൂന്നു ദിവസത്തിനകം ആവശ്യമുള്ള ധനംനേടിത്തരാമെന്ന് രാജാവ് ഉറപ്പിച്ചു പറഞ്ഞു.

രാജാവ് ധനം ശേഖരിയ്ക്കാനുള്ള മാര്‍ഗ്ഗങ്ങല്‍ പലതും ആലോചിച്ചു. ഒടുവില്‍ ഒരു നിശ്ചയത്തില്‍ എത്തി. ഒരു ദിവസം രാവിലെ ഭണ്ഡാരം സൂക്ഷിപ്പുകാര്‍ വന്ന് അവിടെ സുവര്‍ണ്ണവൃഷ്ടി നടന്നാതായി രാജാവിനെ അറിയിച്ചു. രഘുമഹാരാജാവിന്റെ അതുല്യമായ ബലത്തില്‍ ഭയന്ന് ആത്മരക്ഷയ്ക്കായി കുബേരന്‍ ചെയ്ത ഒരു പ്രവൃത്തിയാണത്. ‘ഒരു വശത്ത് ആത്മാഭിമാനത്തിന്റെ വെല്ലുവിളി. മറുവശത്ത് കാര്യസിദ്ധിയുടെ വിളയാട്ടം….’ ഏതു വിധേനയും  രഘുരാജാവ് തന്റെ വാക്ക് പാലിച്ചു. ‘അങ്ങേയ്ക്ക് ശ്രേയസ്സുണ്ടാകട്ടെ എന്നാശംസിക്കുന്നത് – സൂര്യന് പ്രകാശമുണ്ടാകട്ടെ – എന്നു പറയുംപോലെ മാത്രമാണ്. ഭവാന്റെ പിതാവിന് ഭവാനെന്നപോലെ, ആത്മഗുണാനുരൂപനായ ഒരു പുത്രന്‍ അങ്ങേയ്ക്കു ജാതനാകട്ടെ’ ഇപ്രകാരം അനുഗ്രഹിച്ചശേഷം ആ മഹര്‍ഷിശിഷ്യന്‍ – കൗത്സന്‍, ഗുരുദക്ഷിണയുമായി ഇറങ്ങിനടന്നു.

മഹര്‍ഷിശിഷ്യന്റെ ഓരോ വാക്കും രാജാവിന്റെ ഉള്ളില്‍ തളംകെട്ടിനിന്നു. അത് വളര്‍ന്നു വളര്‍ന്നു വന്നു ഒടുവില്‍ സത്യമായി ഭവിയ്ക്കുകയും ചെയ്തു. രഘുമഹാരാജാവിന് ഒരു പുത്രന്‍ ജനിച്ചു. രഘുവംശത്തിലെ രണ്ടാമത്തെ ദീപം. ‘ദീപത്തില്‍ നിന്നും കൊളുത്തിയ ദീപത്തിനുള്ള വ്യത്യാസം മാത്രമേ ആ പിതാവിനും പുത്രനും ഉണ്ടായിരുന്നുള്ളു….!’ വിദ്യകളെല്ലാം അഭ്യസിച്ചു. സര്‍വകലകളിലും സമര്‍ത്ഥനായി. അതെ – മാനവധര്‍മ്മങ്ങളുടെ ഒരു സങ്കലിത സുഷമമായിരുന്നു ആ കുമാരന്‍. രഘുവംശത്തിനാകെ സുഗന്ധം നല്കിയ ഒരു ഹോമകണ്ഡം. യൗവനദിശയിലേക്ക് കാലൂന്നിയ അദ്ദേഹം യൗവരാജ്യത്തിനും അവകാശിയായി….

ആ സമയത്ത് വിദര്‍ഭരാജാവിന്റെ സഹോദരിയുടെ വിവാഹത്തിന് പങ്കുകൊള്ളാനായി അദ്ദേഹത്തെ ക്ഷണിച്ചു. പിതാവിന്റെ ആജ്ഞാനുസരണം ഒരു വലിയ സേനയോടുകൂടി വിദര്‍ഭരാജ്യത്തേക്ക് തിരിച്ചു. പ്രജകള്‍ തങ്ങളുടെ യുവരാജാവിനെ യഥോചിതം സല്ക്കരിച്ചു – ആദരിച്ചു – സന്തോഷപ്പെടുത്തി. യാത്ര ഉല്ലാസഭരിതമായിരുന്നു. പ്രകൃതിയും അതിനു തക്കതായ കഴിവുകള്‍ പ്രയോഗിച്ചു രാജകുമാരനെ സന്തോഷിപ്പിച്ചു….. നീണ്ട യാത്രക്കുശേഷം കുമാരന്‍ പരിവാരത്തോടുകൂടി നര്‍മ്മദാ നദിയുടെ തീരത്തിലെത്തി. പക്ഷേ അവള്‍ അതിഥികളുടെ ആഗമനം പ്രതീക്ഷിച്ചിരുന്ന ഒന്നായിരിക്കുകയില്ല. ഒരു ശോകഗാനം അവളില്‍ നിന്നും ഉയര്‍ന്നുകൊണ്ടേയിരുന്നു. പ്രകൃതി ഇഷ്ടമായിതോന്നുകയാല്‍ അവളുടെ അരികെ അല്പം ഇരുന്ന് വിശ്രമിയ്ക്കാന്‍ തന്നെ അദ്ദേഹം നിശ്ചയിച്ചു. പ്രകൃതി ആകെ സുന്ദരം….. ആ രാജകുമാരന് അവിടെ ഇഷ്ടമായി. കുറെ നേരം ഇരുന്ന് വിശ്രമിയ്ക്കാന്‍ തന്നെ തീരുമാനിച്ചു. നര്‍മ്മദയെ തഴുകിക്കൊണ്ട് വന്ന ആ സുഗന്ധം നിറഞ്ഞ കാറ്റ് രാജകുമാരനെ സന്തോഷിപ്പിച്ചു.

നദിയില്‍ ഒരു ഭാഗത്ത് വെള്ളത്തിനു  മുകളില്‍ ഒരു കൂട്ടം വണ്ടുകള്‍ പറന്ന് കളിയ്ക്കുകയാണ്. അവ രാജകുമാരന്റെ ദൃഷ്ടിയില്‍പ്പെട്ടു. രാജകുമാരന്‍ അവയെത്തന്നെ കൗതുകത്തോടെ നോക്കിക്കണ്ടു. പെട്ടെന്ന് ആ ശാന്തകോമളമായ അന്തരീക്ഷം കലൂഷമായി. ആപത്തിന്റെ കരിനിഴല്‍ എങ്ങും വ്യാപിച്ചു. ഇരുപാര്‍ശ്വങ്ങളിലും പച്ചകസവുവച്ച ചേല എന്ന പോലെ, വളഞ്ഞു പുളഞ്ഞുള്ള അവസ്ഥയില്‍ കിടക്കുന്ന അവളിലും ആ ഭീകരതയുടെ ബിംബം കാണാറായി. വണ്ടിന്‍ക്കൂട്ടത്തിന്റെ സ്ഥാനത്തുനിന്നും കറുത്ത എന്തോ ഒന്ന് പൊന്തിവന്നു. അത് ക്രമേണ ഒരു ആനയുടെ രൂപത്തില്‍ പുറത്തു വന്നു – ഒരു കാട്ടാന – അല്ല …..! ‘ഒര മത്തഗജം….!’

ആ പര്‍വത സമാനനായ ഗജം പായല്‍ക്കൂട്ടത്തോടുകൂടി മുന്നോട്ടു കയറാന്‍ തുടങ്ങി…. ‘ആ കൂറ്റന്‍ ചെവികള്‍ രണ്ടും ആഞ്ഞടിച്ചു….’ ആ ശബ്ദം കേട്ട് പറവകള്‍ ഭയന്ന് നാലുപാടം പറന്നു. തുമ്പിക്കൈ ചുഴറ്റി ജലത്തില്‍ ഒന്നുതാടിച്ചു. തടിച്ച കൊഴുത്ത കൊമ്പുകള്‍ – വളഞ്ഞ് അഗ്രം കൂര്‍ത്തവ – അതിലെ നീലരേഖകള്‍ അതിന്റെ ഉഗ്രതയെ ഇരട്ടിപ്പിച്ചു. നദിയിലെ പായല്‍ അവന്റെ ശരീരത്തില്‍ ഒട്ടധികം പ്രവേശിച്ചിട്ടുണ്ട്. ആ കൊമ്പുകളില്‍ പായല്‍ – മാലതന്നെ തൂങ്ങികിടന്നു. തിരമാലകളെ മുറിച്ചു മാറ്റിക്കൊണ്ടു അവന്‍ മുന്നോട്ട് കടന്നു കയറി.

നദിയിലെ ജലനിരപ്പ് പൊങ്ങി, വെള്ളം കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. ഇതിനെല്ലാം ദൃക്‌സാക്ഷികളായിരുന്ന ആ സേന അമ്പാടെ ഭയംകൊണ്ട് വിഹ്വലരായി…. മത്തഗന്ധം ഏറ്റ് നാട്ടാനകള്‍ വിരണ്ടോടി. കുതിരകള്‍ കെട്ടുപൊട്ടിച്ച് ഓടാന്‍ തുടങ്ങി, രഥങ്ങള്‍ ചാടുകള്‍ ഒടിഞ്ഞ് നിലംപതിച്ചു. സ്ത്രീകള്‍ ഭയന്ന് വാവിട്ട് നിലവിളിച്ചു. അന്തരീക്ഷം ആകെ കലുഷമായി….

ഒരു കൂട്ടം ധീരന്മാര്‍ അവരെ രക്ഷിയ്ക്കാന്‍ തയ്യാറായി. ആ മത്തഗജം  അടുത്തെത്തിക്കഴിഞ്ഞു. രാജകുമാരന്‍ ആനയെ എതിരിടാന്‍ തയ്യാറായി. ‘രാജാക്കന്മാര്‍ ആനയെ യുദ്ധത്തിലല്ലാതെ കൊല്ലുന്നത് ധര്‍മ്മമല്ലല്ലോ? അതിനാല്‍ കുമാരന്‍ ആ ഗജത്തെ പിന്‍തിരിച്ചിയ്ക്കാന്‍ വേണ്ടി ഒരു വിശിഖം അതിന്റെ മസ്തകത്തെ ലക്ഷ്യമാക്കി പ്രയോഗിച്ചു…. ‘അത്ഭുതം……!!!’ ആ ക്ഷണത്തില്‍തന്നെ ആ ആന ഒരു ദിവ്യരൂപം കൈകൊണ്ട് ആകാശത്തേയക്കുയര്‍ന്നു. അനന്തരം ഹാരകുണ്ഡലകിരീടോജ്ജ്വലനായ ഒരു സുന്ദരരൂപന്‍ കുമാരനെ സമീപിച്ച് കല്പകത്തുമലര്‍കൊണ്ട് അഭിഷേകം കഴിച്ചു. തുടര്‍ന്ന് സംഭാഷണം തുടങ്ങി.

കുമാരാ, ഞാന്‍ പ്രിയദര്‍ശന്‍ എന്ന ഗന്ധര്‍വരാജാവിന്റെ പുത്രനായ പ്രിയംവദന്‍ ആണ്. എന്റെ അഹംഭാവം കാരണം ഞാന്‍ മതങ്കമഹര്‍ഷിയുടെ കോപത്തിന് വിധേയനായി. ‘നീ ഒരു മത്തഗജമായിപ്പോകട്ടേ…. ‘എന്ന് അദ്ദേഹം എന്നെ ശപിച്ചു. അദ്ദേഹത്തിന്റെ കോപം ഒന്നു ശമിച്ചപ്പോള്‍ ഞാന്‍ പാപമോക്ഷത്തിനിരന്നു. ‘സൂര്യകുലജാതനായ ‘അജരാജകുമാരന്റെ’ ബാണം നിന്റെ തല പിളര്‍ക്കുമ്പോള്‍ നിനക്കു മോക്ഷം കിട്ടും….’ എന്ന് അദ്ദേഹം അരുള്‍ ചെയ്തു. ഞാന്‍ അങ്ങയെ അന്വേഷിച്ച് പലസ്ഥലത്തും അലഞ്ഞു. ഇപ്പോള്‍ എന്റെ ഭാഗ്യമെന്നുതന്നെ പറയട്ടെ… അതു സംഭവിക്കുകയും ചെയ്തു. ഗന്ധര്‍വ്വകുമാരന്റെ സംഭാഷണം അജനെ സന്തോഷിപ്പിച്ചു – അത്ഭുതപ്പെടുത്തി.

അയാള്‍ വീണ്ടും തുടങ്ങി. അങ്ങയുടെ ഈ ഉപകാരത്തിന് പ്രത്യുപകാരം ചെയ്യാന്‍ ഞാന്‍ അശക്തനാണ്. എന്നാലും ഒരു ചെറിയ വസ്തു അങ്ങേയ്ക്കു നല്കുന്നതാണ്. രാജകുമാരന്‍ ഗന്ധര്‍വ്വന്റെ അഭിപ്രായപ്രകാരം നര്‍മ്മദയിലിറങ്ങി ആഗമനം നടത്തിയശേഷം ഉന്മുഖനായി നിന്നു. ഗന്ധര്‍വ്വകുമാരന്‍, ഉപയോഗിയ്‌ക്കേണ്ട മന്ത്രത്തോടൊപ്പം ഒരു അസ്ത്രം രാജകുമാരനെ ഏല്‍പ്പിച്ചു…. ”സമ്മോഹനം ….” എന്ന പ്രസിദ്ധിയാര്‍ജ്ജിച്ച അസ്ത്രം …. അജന്‍ ആശ്ചര്യനിമഗ്നനായി. ആത്മരക്ഷയെക്കരുതി ശത്രുവിനെ പിന്‍തിരിപ്പിയ്ക്കാന്‍ ഒരു ബാണം പ്രയോഗിച്ചു. അത് ദിവ്യമായ ഒരു അസ്ത്രം കിട്ടുന്നതിന് കാരണമായിഭവിച്ചു.

ആ രണ്ടു പുതിയ ചങ്ങാതികളും ആലിംഗനബന്ധരായി… ഉത്തമസ്‌നേഹത്തിന്റെ രണ്ടാണിക്കല്ലുകള്‍!  അവര്‍ അവിടെ വച്ചുതന്നെ പിരിഞ്ഞു. ഒരാള്‍ – വിദര്‍ഭരാജ്യത്തിലേക്ക് മറ്റേയാള്‍ – ചൈത്രരഥത്തിലേക്ക്, ഉത്തമനായ ആ രഘുപുത്രന്‍ – അജന്‍ – രഘുവംശത്തിലെ ഒരു കെടാവിളക്കായി പ്രകാശിയ്ക്കട്ടെ….

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം