കര്‍മ സുകൗശലം

September 20, 2012 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

കര്‍മ സുകൗശലം
കര്‍മങ്ങളുടെ പുണ്യപാപങ്ങളെ ആസ്പദിച്ച് ശുക്ലകര്‍മമെന്നും കൃഷ്ണകര്‍മമെന്നും ആസ്പദിച്ചാണ് മേല്‍പറഞ്ഞ കര്‍മങ്ങളുടെ സ്വഭാവവും തന്മൂലമുള്ള കര്‍മഫലങ്ങളും നിലനില്‍ക്കുന്നത്. കര്‍മാനുഭവത്തില്‍ സാധാരണ മനുഷ്യരില്‍നിന്ന് സാധകന്‍ വ്യത്യസ്തനായിരിക്കുന്നു. ഉപാധിരഹിതമായ ആത്മസത്തയെ അഭയം പ്രാപിക്കുന്നതില്‍നിന്ന് സിദ്ധിക്കുന്നതാണ് സാധകന്റെ ചിത്തശുദ്ധി. തന്മൂലം ധ്യാനനിരതമായ ചിത്തത്തിന് കര്‍മവാസനകള്‍ ബാധകമാവുന്നില്ല. സംയമംകൊണ്ട് സംസ്‌കരിക്കപ്പെട്ട ചിത്തം വിഷയാസക്തമായ വസ്തുനിക്ഷേപമില്ലാത്തതാകയാല്‍ കര്‍മവാസനകള്‍ അതില്‍ ദൃഢമായിരിക്കാന്‍ ന്യായമില്ല. സ്വാര്‍ത്ഥചിന്ത കൊണ്ട് മലീമസമല്ലാത്ത കാരണത്താല്‍ യോഗിക്ക് പുണ്യകര്‍മത്തിലോ പാപകര്‍മത്തിലോ ആസക്തിയും ബന്ധവുമുണ്ടാകുന്നില്ല. തന്മൂലം കര്‍മ്മങ്ങള്‍  കൊണ്ടുണ്ടാകേണ്ട സന്തോഷമോ പരിതാപമോ ഉണ്ടാകുന്നില്ല. സാധാരണമനസ്സില്‍ ഉദിച്ചുയരുന്ന കര്‍മസ്വഭാവം പുണ്യം,പാപം എന്നീ രണ്ട് വിഭാഗങ്ങളില്‍പെടുന്നതും പുണ്യപാപസമ്മിശ്രവുമാണ്. എന്നാല്‍ യോഗിയുടെ ചിത്തം ഇവയ്ക്കതീതമാകുമ്പോള്‍ അത്തരം കര്‍മ്മങ്ങളുടെ ഫലം യോഗിയെ ബാധിക്കുന്നില്ല. ജീവാത്മാക്കളെ ബന്ധിക്കുന്ന സ്വാര്‍ത്ഥപരമായ കാരണങ്ങള്‍ ജീവന്റെ പുനരാവര്‍ത്തനസംജ്ഞകളായി നിലകൊള്ളുന്നു.

പ്രകൃതിയുടെ കര്‍മനിയമം അഥവാ കാര്യകാരണനിയമം പരിണാമനിയമം കൂടിയാണ്. കര്‍മങ്ങളുടെ ഗുണവ്യത്യാസത്തെ ആസ്പദമാക്കി ജീവാത്മാവിന് ഉന്നതിയും അധഃപതനവും സംഭവിക്കുന്നു. ജഗത് കാരണമായ കാര്യകാരണബന്ധങ്ങള്‍ പരിണാമസ്വഭാവത്തോടുകൂടിയവയാണെങ്കിലും അത് ശാശ്വതധര്‍മത്തിന്റെ വകഭേദങ്ങള്‍ തന്നെയാകുന്നു. കര്‍മത്തിനു കാരണം ഇച്ഛയാണ്.

”സങ്കല്പമൂലഃ കാമോ വൈ യജ്ഞാഃ സങ്കല്പ സംഭവാഃ
വ്രതാ നിയമധര്‍മാശ്ച സര്‍വേ സങ്കല്പജാഃ സ്മൃതാഃ”

വിഷയങ്ങളിലുള്ള ഭോഗവാഞ്ഛ ജീവന് നഷ്ടപ്പെടുത്താതുകൊണ്ടാണ് സങ്കല്പം ഉടലെടുക്കുന്നത്. സങ്കല്പം അതുമായി ബന്ധപ്പെട്ട വസ്തുവിനോട് ചേരുന്നതിനാല്‍ കാമം അഥവാ ഇച്ഛ ഉണ്ടാകുന്നു. അതിനുവേണ്ടിയുള്ള പ്രയത്‌നം ജീവന്‍ ഉപാധികളിലൂടെ തുടരുകയും ചെയ്യുന്നു. സ്വര്‍ഗഭോഗാദികള്‍ പോലും സങ്കല്പത്തില്‍ നിന്നാണ് ഉല്പന്നമാകുന്നത്. യജ്ഞാദികളിലുണ്ടാകുന്ന ഫലകാംക്ഷയും കാമവും അതിനുവേണ്ടിയുള്ള യത്‌നംകൊണ്ടു സംജാതമാകുന്നതാണ്. ”കാമാത്മതാ ന പ്രശസ്താ” (ഫലാഭിലാഷം ശ്ലാഘനീയമല്ല) എന്ന് മനു വിധിച്ചിരിക്കുന്നത് ഫലാപേക്ഷയുടെ പുനര്‍ജന്മസ്വഭാവത്തെ വെളിവാക്കി സാധകരെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ്.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെപ്പോലെ അകാമത്വം സംഭവിച്ച യോഗികള്‍ വളരെ വിരളമാണ്. സ്വാമിജിയെപ്പോലുള്ളവര്‍ക്ക് ലോകത്തില്‍ ഒരു ക്രിയയും കാണപ്പെടുന്നില്ല. ലൗകികവും വൈദികവുമായ കാര്യങ്ങള്‍പോലും കാമപ്രേരിതമായതുകൊണ്ട് ഇച്ഛാകാര്യങ്ങളായിത്തന്നെ അനുവര്‍ത്തിക്കുന്നു. ആഹാരാദികര്‍മങ്ങള്‍പോലും പലപ്പോഴും മഹാ യോഗികള്‍ക്ക് ഇച്ഛാജന്യമായ നിര്‍ബന്ധം നല്‍കുന്നില്ല. സര്‍വകര്‍മനിര്‍മുക്തമായ ചിത്തത്തിന്റെ ഈ പ്രസാദാത്മകത്വം കൈവരിക്കുന്നതിന് അനുസ്യൂതമായ സാധനശേഷി അത്യാവശ്യമാണ്.

”അകാമസ്യ ക്രിയാ കാചിത്
ദൃശ്യതേ നേ ഹ കര്‍ഷിചിത്
യയദ്ധി കുരുതേ കിഞ്ചിത്
തത്തദ് കാമസ്യ ചേഷ്ടിതം” – അകാമന് ഒരിക്കലും ലോകത്തില്‍ യാതൊരു ക്രിയയും കാണപ്പെടുന്നില്ല. എന്തെങ്കിലും യഅല്പമായി ചെയ്യുന്നുവെങ്കില്‍ അതെല്ലാം കാമത്തിന്റെ പ്രേരണതന്നെയാണ്’ . ബന്ധഹേതുകമായ കാമം അവശേഷിക്കുന്നുവെങ്കില്‍ പുനര്‍ജന്മം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട് കര്‍മങ്ങളെല്ലാം കാമപ്രേരിതങ്ങളാണെന്നും മുക്തിക്ക് കര്‍മം തടസ്സമാണെന്നും ചിന്തിക്കുന്നത് തെറ്റാണ്. കര്‍മം കൂടാതെ പ്രപഞ്ചം നിലനില്‍ക്കുകയില്ല. ആയതിനാല്‍ കര്‍മനിരാസമല്ല. കര്‍മഫലോച്ഛാനിരാസമാണ് വിധിക്കപ്പെട്ടിട്ടുള്ളത്. പരലോകത്തിലെ ഉല്‍കൃഷ്ടസുഖത്തിനും ഇഹലോകത്തിലെ കീര്‍ത്തിക്കും പ്രസ്തുതകര്‍മങ്ങള്‍ കാരണമായിത്തീരുന്നു. അര്‍ത്ഥകാമങ്ങളില്‍ ആസക്തിയില്ലാത്തവര്‍ക്കാണ് ധര്‍മോപദേശം വിധിക്കപ്പെട്ടിരിക്കുന്നതെന്ന് (അര്‍ത്ഥകാമേഷ്വസക്താനാം ധര്‍മകാമം വിധീയതേ) മനുസ്മൃതി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത് മേല്പറഞ്ഞ കര്‍മഫലേച്ഛാനിരാസത്തെ ബഹുമാനിച്ചുകൊണ്ടാണ്.

കര്‍മവിഭാഗം
പ്രകൃതിയില്‍ സാമാന്യമായും മനുഷ്യനില്‍ വിശേഷമായും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമഗതികളുണ്ട്. എല്ലാ പരിണാമത്തിനുമടിസ്ഥാനം ജീവപരമാണുക്കളില്‍ അന്തര്‍ലീനമായിക്കിടക്കുന്ന സംസ്‌കാരവിശേഷമാണ്. ഈ സംസ്‌കാരം പുനര്‍ജന്മത്തിന് കാരണമായ ഇച്ഛാശക്തിയെ ജനിപ്പിക്കുമ്പോള്‍ ചിത്താണുക്കളുമായാണ് അതിന് കൂടുതല്‍ ബന്ധം. അതുകൊണ്ടാണ് മനോനിയന്ത്രണം മോക്ഷത്തിനനിവാര്യമാണെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്. ”മനോ നാമ മഹാവ്യാഘ്രാ,വിഷയാരണ്യഭൂമിഷു,ചരതൃത്ര ന രഗച്ഛന്തു സാധവേ യേ മുമുക്ഷ വഃ” – ‘വിഷയമാകുന്ന കൊടുങ്കാട്ടില്‍ മനസ്സെന്നു പറയുന്ന മഹാവ്യാഘ്രം ചരിക്കുന്നു. അതുകൊണ്ടുതന്നെ മുമുക്ഷക്കളായ സാധുക്കള്‍ അവിടേക്ക് പോകരുത്.’ എന്നാല്‍ ധര്‍മാനുസൃതമായ ചിന്തകള്‍ ഇച്ഛയെ സ്വാര്‍ത്ഥമായ വസ്തുപുരതയില്‍ നിന്ന് ഭാവ പരതയിലേക്ക് നയിക്കുന്നവയാണ്.

മോക്ഷത്തെ ലക്ഷ്യമാക്കുന്നതുകൊണ്ടും ധ്യാനത്തിലൂടെ ജനിക്കുന്ന ചിത്തത്തെ ആശ്രയിക്കുന്നതുകൊണ്ടും അത് കര്‍മവാസനകള്‍ക്കിരിപ്പിടമാകുന്നില്ല. ധ്യാനത്തില്‍ നിന്നു ജനിക്കുന്ന ചിത്തം താല്ക്കാലിമാണെങ്കിലും മുക്തിയുടെ സങ്കല്പത്തെ ആശ്രയിച്ച് ഉത്തേജിക്കപ്പെടുന്നവയാണ്. അത് യമനിയമങ്ങള്‍ കൊണ്ട് സംസ്‌കരിക്കപ്പെട്ടതുമാണ്. ഇങ്ങനെ ദൃഢീകരിക്കപ്പെടുന്ന ചിത്തത്തിന് വാസനാപരമായ വസ്തു ബോധമോ കര്‍മബന്ധമോ സംഭവിക്കുന്നില്ല. വാസനകളുടെ ആശയമാണ് ചിത്താണു. ചിത്താണുപരമ്പരയുടെ സമൃഗ്‌യോഗം കൊണ്ടാണ് ജീവന് ശരീരോല്‍പത്തിയില്‍ ആഗ്രഹം ജനിക്കുന്നത്. എന്നാല്‍ ധ്യാനത്തില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന താല്ക്കാലിക ചിത്തത്തിന് അങ്ങനെ ചിത്താണുബന്ധം സ്വാതന്ത്ര്യം മാത്രമാണ്. വസ്തുക്കളോ തത്സംബന്ധിയായ വാസനകളോ അല്ല.

മഹാപ്രഭുവായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെ സംബന്ധിച്ച് ശാശ്വതമായ സ്വതന്ത്രചിത്തം അദ്ദേഹത്തിന്റെ അന്തസ്യൂതമുള്ള ധ്യാനത്തിന്റെ അചഞ്ചലവൃത്തിയായി മാറിയിരുന്നു. യോഗികളുടെ ചിന്ത സ്വാര്‍ത്ഥപരമല്ലാത്തതുകൊണ്ട് പുണ്യപാപങ്ങളുടെ തനതായ അവസ്ഥയോ മിശ്രാവസ്ഥയോ ധ്യാനചിത്തത്തില്‍ സംഭവിക്കുന്നില്ല. തന്മൂലം ആസക്തിയോ അനാസക്തിയോ വേര്‍തിരിച്ച് വ്യാഖ്യാനിക്കേണ്ട ആവശ്യവുമുണ്ടാകുന്നില്ല. സന്തോഷവും സങ്കടവും തന്മൂലം യോഗിയെ ബന്ധിക്കുന്നില്ല. സാധാരണ ജനങ്ങളുടെ ചിന്തയില്‍ പുണ്യത്തെപ്പറ്റിയും പാപത്തെപ്പറ്റിയുമുള്ള ചില പ്രത്യേക സങ്കല്പങ്ങളുണ്ട്. എന്നാല്‍ യോഗിയുടെ മനസ്സ് പുണ്യപാപങ്ങള്‍ക്കതീതമായതിനാല്‍ സാധാരണ ജീവാത്മാവിന്റെ കര്‍മബന്ധം യോഗിയെ ബാധിക്കുന്നില്ല. പുണ്യം പാപം, പുണ്യപാപമിശ്രം എന്നിവയുണ്ടാകുന്ന കര്‍മവ്യത്യാസങ്ങള്‍ സ്വാര്‍ത്ഥപരങ്ങളാണ്. അവ ജീവാത്മാവിനെ ബന്ധിക്കുന്നു. ശുക്ലകര്‍മമെന്നും കൃഷ്ണകര്‍മമെന്നും .യോഗസൂത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് യഥാക്രമം പുണ്യകര്‍മത്തെയും പാപകര്‍മത്തെയുമാണ്. ഇവ ജീവാത്മസംബന്ധിയായിത്തന്നെ യോഗസൂത്രം വ്യാഖ്യാനിക്കുന്നുമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം